ഭുവനേശ്വർ: ഒഡീഷയിൽ ട്രെയിൻ അപകടമുണ്ടായ ഭാഗത്തെ പുനർ നിർമ്മാണ പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തിയാക്കി ബുധനാഴ്ചയോടെ ഗതാഗതം പൂർണമായി പുന:സ്ഥാപിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. അപകടത്തിന് പിന്നാലെ 90ഓളം ട്രെയിനുകൾ റദ്ദ് ചെയ്തിരുന്നു. ദക്ഷിണ, തെക്ക് കിഴക്കൻ റെയിൽവേ സോണുകളിൽ 46 ട്രെയിനുകൾ വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു.
അപകടമുണ്ടായ ട്രാക്കുകളുടെ പുനർനിർമ്മിക്കുന്ന പ്രക്രിയ ഇന്ന് തന്നെ ആരംഭിക്കും. വൈകിട്ടോടെ ഗതാഗതം ഭാഗികമായി പുനസ്ഥാപിക്കാനാകുമെന്നാണ് കരുതുന്നത്. അപകടത്തിൽ പരിക്കേറ്റവർക്കുള്ള നഷ്ടപരിഹാര തുക വിതരണം ചെയ്ത് കഴിഞ്ഞ് കഴിഞ്ഞു. ബുധനാഴ്ചയോടെ മുഴുവൻ ജോലികളും പൂർത്തിയാക്കി ഗതാഗതം പഴയ പോലെയാക്കുമെന്നും അ്‌ദ്ദേഹം വ്യക്തമാക്കി.
ട്രാക്കിൽ നിന്ന് അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന ജോലി ഇന്നലെ തന്നെ ആരംഭിച്ചിരുന്നു. ആദ്യഘട്ടത്തിൽ ഒരു ട്രാക്കിലൂടെയാകും തീവണ്ടികൾ കടത്തി വിടുന്നത്. അശ്വിനി വൈഷ്ണവ് ഉൾപ്പെടെയുള്ള കേന്ദ്രമന്ത്രിമാർ സ്ഥലത്ത് ക്യാമ്പ് ചെയ്താണ് നടപടികൾ ഏകോപിപ്പിക്കുന്നത്. അപകടകാരണം കണ്ടെത്താനുള്ള ഉന്നതതല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. അന്വേഷണ സംഘം ഇന്ന് അപകടം നടന്ന സ്ഥലം സന്ദർശിക്കും. തിരിച്ചറിഞ്ഞ 160 പേരുടെ മൃതദേഹങ്ങൾ ജന്മനാടുകളിലേക്ക് കൊണ്ടുപോകാൻ നടപടി തുടങ്ങി. തിരിച്ചറിയാൻ കഴിയാത്ത മൃതദേഹങ്ങൾക്ക് ഡിഎൻഎ പരിശോധന നടത്തുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.
Discussion about this post