തിരുവനന്തപുരം: അമേരിക്കയിൽ ലോക കേരളസഭാ സമ്മേളനത്തിൽ ആരും വാങ്ങാൻ ആളില്ലാതെ ഗോൾഡ്, സിൽവർ കാർഡുകൾ. ഗോൾഡ് അല്ലെങ്കിൽ സിൽവർ ടിക്കറ്റ് എടുത്താൽ മുഖ്യമന്ത്രി അടക്കള്ള വിഐപികൾക്കൊപ്പമുള്ള അത്താഴ വിരുന്നെന്ന വാഗ്ദാനമാണ് സംഘാടകർ നൽകിയിരുന്നത്. 2,80,000 ഡോളറാണ് ഇതുവരെ സ്‌പോൺസർഷിപ്പ് ഇനത്തിൽ മാത്രം പിരിഞ്ഞ് കിട്ടിയത്.
സ്‌പോൺസർഷിപ്പിന് സംഘാടകർ പ്രതീക്ഷിച്ച പ്രതികരണം ലഭിച്ചില്ലെന്നും അടുത്ത വൃത്തങ്ങൾ പറയുന്നു. രണ്ടര ലക്ഷം ഡോളറിന്റെ ഒരു ഡയമണ്ട് കാർഡും, പതിനായിരം ഡോളറിന്റെ രണ്ടും അമ്പതിനായിരം രൂപയുടെ ഒന്നും സ്‌പോൺസർഷിപ്പ് മാത്രമാണ് ഇതുവരെ കിട്ടിയിട്ടുള്ളത്. ലോകകേരളസഭയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾ സ്‌പോൺമാരെ പിന്നോട്ട് വലിക്കുന്നുവെന്നാണ് സംഘാടകരുടെ ആരോപണം.
മുഖ്യമന്ത്രിക്കും ഉദ്യോഗസ്ഥർക്കും ഒപ്പം ജോസ് കെ മാണിയും ജോൺ ബ്രിട്ടാസും കൂടി സംഘത്തിൽ ഉണ്ടാകുമെന്ന വിവരവും പുറത്ത് വരുന്നുണ്ട്. ഇവർ സ്വന്തമായാണ് ചെലവ് വഹിക്കുന്നതെന്നും സംഘാടകർ പറയുന്നു. അതേസമയം ലോക കേരളസഭാ സമ്മേളനത്തിൽ മുഖ്യമന്ത്രിക്കൊപ്പമിരിക്കാൻ വൻതുക പിരിക്കുന്നതിനെ ന്യായീകരിച്ച് നോർക്ക രംഗത്തെത്തിയിരുന്നു. ഖജനാവിലെ പണം ധൂർത്തടിക്കുന്നുവെന്ന ആക്ഷേപം ഒഴിവാക്കാനാണ് സ്‌പോൺസർഷിപ്പ് ഏർപ്പെടുത്തിയതെന്നാണ് നോർക്ക വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണന്റെ വാദം.
Discussion about this post