ഭുവനേശ്വർ: ഒഡീഷയിൽ ഉണ്ടായ തീവണ്ടി ദുരന്തത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെയും കുടുംബാംഗങ്ങളെയും ആശ്വസിപ്പിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. സോറോ ആശുപത്രിയിൽ എത്തി ചികിത്സയിൽ കഴിയുന്നവരെ അദ്ദേഹം സന്ദർശിച്ചു. ആരോഗ്യപ്രവർത്തകരോട് പരിക്കേറ്റവരുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷമായിരുന്നു അദ്ദേഹത്തിന്റെ മടക്കം.
ഉച്ചയോടെയായിരുന്നു പരിക്കേറ്റ് ഇവിടെ ചികിത്സയിൽ കഴിയുന്നവരെ കാണാൻ അദ്ദേഹം എത്തിയത്. കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാനും ഒപ്പമുണ്ടായിരുന്നു. പരിക്കേറ്റവരെയും കുടുംബാംഗങ്ങളെയും അദ്ദേഹം ആശ്വസിപ്പിച്ചു. ചികിത്സ പൂർത്തിയാക്കുന്നവർക്ക് സ്വന്തം നാടുകളിലേക്ക് പോകാൻ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
തീവണ്ടി അപകടത്തിൽ പരിക്കേറ്റ് സോറോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെയും അവരിൽ ചിലരുടെ കുടുംബാംഗങ്ങളെയും കണ്ടു. പരിക്കുകൾ ഭേദമാകുന്നവർക്ക് വീടുകളിലേക്ക് പോകാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇവർക്ക് നാടുകളിലെത്താൻ പ്രത്യേക തീവണ്ടി സർവ്വീസുകൾ ആരംഭിച്ചു. ഹൈദരാബാദ്, ചെന്നൈ, ബംഗളൂരു, റാഞ്ചി, കൊൽക്കത്ത തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുമാണ് തീവണ്ടി സർവ്വീസെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post