സംഗപ്പൂർ : ലോക രാജ്യങ്ങളിലെ ചാര സംഘടനാ മേധാവികൾ സംഗപ്പൂരിൽ യോഗം ചേർന്നു. സംഗപ്പൂരിൽ വെച്ച് നടന്ന ഷാഗ്രി-ലാ ഡൈലോഗ് സെക്യൂരിറ്റി മീറ്റിന്റെ ഭാഗമായാണ് രഹസ്യാന്വേഷണ ഏജൻസികളുടെ മേധാവികൾ കൂടിക്കാഴ്ച നടത്തിയത്. സുരക്ഷാ ഉച്ചകോടിക്കൊപ്പം ഇത്തരം യോഗങ്ങളും നടക്കുന്നത് പതിവാണ്.
12 ഓളം രാജ്യങ്ങളിൽ നിന്നുള്ള മേധാവിമാരാണ് യോഗത്തിൽ പങ്കെടുത്തത്. റിസേർച്ച് ആന്റ് അനാലിസിസ് വിംഗ് ഡയറക്ടർ സാമന്ത് ഗോയലും യോഗത്തിൽ പങ്കെടുത്തു. യുഎസിനെ പ്രതിനിധീകരിച്ച് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ അവ്രിൽ ഹെയ്ൻസ് യോഗത്തിനെത്തിയിരുന്നു. ചൈനീസ് ചാരസംഘടനാ മേധാവിയും പങ്കെടുത്തിരുന്നു.
ഭീകരവാദത്തിന് എതിരെയുളള പോരാട്ടമാണ് രഹസ്യാന്വേഷണ ഏജൻസി തലവന്മാരുടെ യോഗത്തിൽ മുഖ്യ അജണ്ടയായത്. റഷ്യ-യുക്രെയ്ൻ യുദ്ധവും കുറ്റവാളികളെ കൈമാറുന്നതും ചർച്ചാ വിഷയമായി. അന്താരാഷ്ട്ര തലത്തിൽ ഒരു പ്രധാന ഘടകമാണ് ഈ കൂടിക്കാഴ്ചയെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചു. രാജ്യങ്ങൾ തമ്മിൽ പിരിമുറുക്കങ്ങൾ ശക്തമായ സമയങ്ങളിൽ ഇത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. സിംഗപ്പൂർ ഇതിനെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത് എന്നാണ് ഉന്നത വൃത്തങ്ങൾ അറിയിക്കുന്നത്.
ഇന്റലിജൻസ് കമ്മ്യൂണിറ്റിയുടെ മീറ്റിംഗുകൾ വളരെ അപൂർവ്വമാണ്. യോഗങ്ങളുടെ വിവരങ്ങൾ പരസ്യപ്പെടുത്താറില്ല. അതേസമയം റഷ്യൻ പ്രതിനിധികൾ ആരും തന്നെ യോഗത്തിൽ പങ്കെടുത്തില്ല. യുക്രെയ്ൻ ഡെപ്യൂട്ടി ഡിഫൻസ് മന്ത്രി വോലോഡിമർ വി. ഹാവ്റിലോവ് ഷാംഗ്രി-ലാ ഉച്ചകോടിയിൽ പങ്കെടുത്തെങ്കിലും ഇന്റലിജൻസ് മീറ്റിംഗിൽ അദ്ദേഹവും ഉണ്ടായിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം.
Discussion about this post