ബലാസോർ: രാജ്യത്തെ നടുക്കിയ ട്രെയിൻ ദുരന്തമുണ്ടായ ബലാസോറിലെ റെയിൽവേ ട്രാക്ക് അറ്റകുറ്റപ്പണികൾക്ക് ശേഷം നേരെയാക്കി. ഒരു ട്രാക്കാണ് നേരെയാക്കിയത്.ട്രാക്കിലൂടെ പരീക്ഷണ ഓട്ടവും നടത്തി. ട്രെയിൻ കടന്നുപോകുന്നതിന്റെ വീഡിയോ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പങ്കുവെച്ചു. ട്രെയിൻ കടന്നുപോകുമ്പോൾ കൂപ്പുകൈകളോടെ നിൽക്കുന്ന അദ്ദേഹത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു.
ട്രാക്ക് പുനസ്ഥാപിക്കാൻ അഹോരാത്രം കഷ്ടപ്പെട്ട റെയിൽവേ തൊഴിലാളികളെയും മേൽനോട്ടം വഹിച്ച ജീവനക്കാരെയും മന്ത്രി അഭിനന്ദിച്ചു. ട്രാക്ക് ലൈനിങ് 4.45 ഓടെ പൂർത്തിയായെന്നും ഇലക്ട്രിഫിക്കേഷൻ ജോലികൾ ആരംഭിച്ചതായും മന്ത്രി നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. ഇതിന് ശേഷം രാത്രിയോടെയാണ് ട്രാക്ക് പരിശോധിക്കുന്ന രണ്ട് ബോഗികളുളള ട്രെയിൻ കടത്തിവിട്ട് പരീക്ഷണ ഓട്ടം നടത്തിയത്.
ട്രെയിൻ കടന്നുപോകുമ്പോൾ കൂപ്പുകൈകളോടെ നന്ദിപൂർവ്വം പ്രാർത്ഥിക്കുന്ന മന്ത്രിയുടെ ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങൾ ഏറ്റെടുത്തത്. അപകടത്തിന് പിന്നാലെ സ്ഥലത്ത് എത്തിയ റെയിൽവേ മന്ത്രി ഇവിടെ ക്യാമ്പ് ചെയ്താണ് ജോലികൾക്ക് മേൽനോട്ടം വഹിക്കുന്നത്.
രക്ഷാപ്രവർത്തനം അവസാനിച്ച ശനിയാഴ്ച പകൽ മുതൽ ട്രാക്ക് പുനസ്ഥാപിക്കാനുളള പ്രവർത്തനത്തിലായിരുന്നു റെയിൽവേ. അപകടത്തിൽ രണ്ട് മെയിൻ ലൈനുകളും തകർന്നതിനാൽ ഇതുവഴിയുളള റെയിൽ ഗതാഗതം പൂർണമായി നിലച്ചിരുന്നു. അപകടത്തിൽപെട്ട തീവണ്ടികളുടെ ബോഗികൾ ട്രാക്കിൽ നിന്ന് നീക്കുന്നതായിരുന്നു ആദ്യ വെല്ലുവിളി. രാത്രിയും പകലും വിശ്രമമില്ലാതെ ജോലിയെടുത്താണ് കുറഞ്ഞ സമയത്തിൽ ട്രാക്ക് റെയിൽവേ പുനസ്ഥാപിച്ചത്.
Discussion about this post