ലക്‌നൗ : മുൻ എംഎൽഎയുടെ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ കൊടും കുറ്റവാളി മുക്താർ അൻസാരിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. കോൺഗ്രസ് നേതാവ് അജയ് റോയിയുടെ സഹോദരൻ അവധേഷ് റോയിയെ 1991 ഓഗസ്റ്റ് 3 ന് വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. ഈ കേസിലാണ് 30 വർഷങ്ങൾക്ക് ശേഷം വാരണാസി കോടതി വിധി പ്രഖ്യാപിച്ചത്.
‘ഞങ്ങളുടെ ഏറെ കാലത്തെ കാത്തിരിപ്പിന് അവസാനമായിരിക്കുകയാണ്. ഞാനും എന്റെ മാതാപിതാക്കളും അവധേഷിന്റെ മകളും ക്ഷമയോടെ കാത്തിരുന്നു. മുക്താർ ശക്തിപ്പെട്ടുവെങ്കിലും ഞങ്ങൾ വഴങ്ങിയില്ല. പരിശ്രമങ്ങളുടെ ഫലമായി ഇന്ന് എന്റെ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ മുക്താർ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി,’ അജയ് റോയ് പറഞ്ഞു.
1991 ഓഗസ്റ്റ് 3 ന് പുലർച്ചെ ഒരു മണിയോടെ കോൺഗ്രസ് നേതാവ് അജയ് റായിയും സഹോദരനും വാരണാസിയിലെ വീടിന്റെ ഗേറ്റിന് മുന്നിൽ നിൽക്കുമ്പോഴാണ് കാറിലെത്തിയ അക്രമികൾ വെടിയുതിർത്തത്. സംഘത്തിൽ മുക്താർ അൻസാരിയുമുണ്ടായിരുന്നു. ആക്രമണത്തിൽ അവധേഷിന് വെടിയേറ്റു. തുടർന്ന് അജയ് റോയി അക്രമി സംഘത്തിന് നേരെ വെടിവെച്ചതോടെ അവർ കാർ ഉപേക്ഷിച്ച് ഓടിപ്പോകുകയായിരുന്നു. അവധേഷിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൗ സദർ സീറ്റിൽ നിന്ന് അഞ്ച് തവണ എംഎൽഎയായിരുന്നു അൻസാരി. 2022 ലെ യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ അയാൾ മത്സരിച്ചിരുന്നില്ല. സമാജ്വാദി പാർട്ടിയുമായി സഖ്യമുണ്ടാക്കിയ സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടിയുടെ ടിക്കറ്റിൽ മകൻ അബ്ബാസ് അൻസാരി വിജയിച്ചിരുന്നു.
Discussion about this post