ന്യൂഡൽഹി: ഇന്ത്യയിൽ നികുതി വെട്ടിപ്പ് നടത്തിയതായി തുറന്ന് സമ്മതിച്ച് ബ്രിട്ടീഷ് മാദ്ധ്യമമായ ബിബിസി. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സ് വകുപ്പിന് ഇ- മെയിൽ വഴി നൽകിയ വിശദീകരണത്തിലാണ് ബിബിസി യഥാർത്ഥ നികുതി നൽകാതെയാണ് നാളിതുവരെ പ്രവർത്തിച്ചതെന്ന് വ്യക്തമാക്കിയത്. 40 കോടി രൂപയോളം വെട്ടിച്ചെന്നാണ് ബിബിസിയുടെ കുറ്റസമ്മതം.
സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസിലെ ( സിബിഡിടി) രണ്ട് ഉദ്യോഗസ്ഥരാണ് ഇതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ വെളിപ്പെടുത്തിയിട്ടുള്ളത്. നാളിതുവരെ യഥാർത്ഥമായി നൽകേണ്ടതിൽ നിന്നും കുറവ് തുകയാണ് നികുതിയായി സ്ഥാപനം നൽകിയിരുന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ആകെ കണക്കെടുത്താൽ കുടിശ്ശികയുൾപ്പെടെ 40 കോടി രൂപവരും.
നിലവിൽ ഇതുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിച്ചിട്ടുണ്ട്. പ്രശ്‌നം പൂർണമായി പരിഹരിക്കപ്പെടുന്നതുവരെ സ്ഥാപനത്തിനെതിരായ നിയമ നടപടികൾ തുടരാനാണ് സിബിഡിടിയുടെ തീരുമാനം. ആദായ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം കേന്ദ്രസർക്കാരിന്റെ പ്രതികാര നടപടിയാണെന്നായിരുന്നു മാദ്ധ്യമ സ്ഥാപനം നേരത്തെ ആരോപിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഔദ്യോഗികമായി തെറ്റ് ചെയ്‌തെന്ന് വ്യക്തമാക്കിയിരിക്കുകയാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
ആദായ നികുതി വെട്ടിച്ചതുമായി ബന്ധപ്പെട്ട് ഈ വർഷം ഫെബ്രുവരിയിലാണ് ബിബിസിയ്‌ക്കെതിരെ അന്വേഷണം ആരംഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് മാദ്ധ്യമ സ്ഥാപനത്തിന്റെ ഡൽഹിയിലെയും മുംബൈയിലെയും ഓഫീസുകളിൽ ഉദ്യോഗസ്ഥർ പരിശോധനയും നടത്തിയിരുന്നു.
Discussion about this post