ന്യൂഡൽഹി : രണ്ട് പതിറ്റാണ്ടിനിടെ രാജ്യത്ത് ഏറ്റവും വലിയ എൽഎസ്ഡി വേട്ട നടത്തി നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ. കൊടുംരാസലഹരിയായ ലൈസർജിക് ആസിഡ് ഡൈ ഈഥൈൽ അമൈഡിന്റെ (എൽഎസ്ഡി) 15,000 സ്റ്റാമ്പുകൾ പിടിച്ചെടുത്തു. ഡാർക്ക് വെബിലൂടെ പ്രവർത്തിക്കുന്ന ഒരു രാജ്യാന്തര ശൃംഖലയാണ് തകർത്തത്. ഇതുമായി ബന്ധപ്പെട്ട് ആറ് പേരെ അറസ്റ്റ് ചെയ്തു.
രാജ്യമാകെ പടർന്നുകിടക്കുന്ന ലഹരിസംഘമാണ് ഇതെന്ന് എൻസിബി ഉദ്യോഗസ്ഥർ പറയുന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നാണ് ആറ് പേരെ അറസ്റ്റ് ചെയ്തത്. ഇത് കൂടാതെ 4.65 ലക്ഷം രൂപയും പിടിച്ചെടുത്തു. വിവിധ അക്കൗണ്ടുകളിലായി നിക്ഷേപിച്ച 20 ലക്ഷം രൂപയും കണ്ടെടുത്തു.
ഒരു ഓപറേഷനിലൂടെയാണ് എൻസിബി എക്കാലത്തെയും വലിയ ലഹരിവേട്ട നടത്തിയത് എന്ന് എൻസിബി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ജ്ഞാനേശ്വർ സിംഗ് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. ”ഡാർക്ക് നെറ്റ് ഉപയോഗിച്ചാണ് ഇവർ ഇടപാടുകൾ നടത്തിയിരുന്നത്. ഓൺലൈനായി നടത്തിയ ഇടപാടുകൾക്ക് പണം അടച്ചിരുന്നത് ക്രിപ്‌റ്റോ കറൻസി വഴിയോ ക്രിപ്‌റ്റോ വാലറ്റ് ഉപയോഗിച്ചോ ആണ്. ഇടപാടുകാരുമായി നേരിട്ട് ഒരു ബന്ധവും ഉണ്ടാവില്ല. ഈ ലഹരി ശൃംഖല പോളണ്ട്, നെതർലൻഡ്സ്, യുണൈറ്റഡ് സ്റ്റേറ്റ്സ്, ഡൽഹി, രാജസ്ഥാൻ, മഹാരാഷ്ട്ര, കേരളം, തമിഴ്നാട്, ഉത്തർപ്രദേശ് എന്നിവയുൾപ്പെടെ ഇടങ്ങളിൽ വ്യാപിച്ച് കിടക്കുകയായിരുന്നു” എൻസിബി ഉദ്യോഗസ്ഥർ അറിയിച്ചു.
Discussion about this post