കൊൽക്കത്ത: ഒഡീഷ തീവണ്ടി ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ബംഗാളിലെ തൃണമൂൽ മന്ത്രി ധനസഹായമായി നൽകിയത് 2000 രൂപയുടെ നോട്ടുകെട്ടുകൾ. അപകടത്തിൽ മരണമടഞ്ഞവർക്ക് 2 ലക്ഷം രൂപയുടെ സഹായം പ്രഖ്യാപിച്ചിരുന്നു. ഇതിനാണ് മന്ത്രി 2000 ത്തിന്റെ കെട്ടുകൾ നൽകിയത്.
സൗത്ത് 24 പർഗനാസ് ജില്ലയിലെ കുടുംബങ്ങൾക്കാണ് തൃണമൂൽ മന്ത്രിയുടെ വകയായി ധനസഹായം ലഭിച്ചത്. ഇവർ നോട്ടുകളുമായി ഇരിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ ബിജെപി പുറത്തുവിട്ടു. മന്ത്രിക്കെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സുകാന്ത മജൂംദാർ രംഗത്തെത്തുകയും ചെയ്തു.
ദു:ഖിതരായി കഴിയുന്ന നിസ്സഹായരായ കുടുംബങ്ങൾക്ക് 2000 രൂപയുടെ നോട്ടുകൾ കൊടുത്തത് അവരെ കൂടുതൽ കഷ്ടപ്പെടുത്താനാണെന്ന് അദ്ദേഹം പറഞ്ഞു. മമതയുടെ നിർദ്ദേശമനുസരിച്ച് തൃണമൂൽ കോൺഗ്രസിന്റെ സഹായമായിട്ടാണ് തുക നൽകിയതെന്ന് സുകാന്ത മജൂംദാർ ആരോപിച്ചു. കളളപ്പണം വെളുപ്പിക്കാനുളള മാർഗമായി ഇതിനെ ഉപയോഗിച്ചതാണോയെന്നും സംശയം ഉയരുന്നുണ്ട്.
ധനസഹായം നൽകാൻ കാണിച്ച മനസിനെ അഭിനന്ദിക്കുന്നു. പക്ഷെ 2000 രൂപ മാത്രം എവിടെ നിന്നാണെന്ന് ബിജെപി അദ്ധ്യക്ഷൻ ചോദിച്ചു. 2000 ത്തിന്റെ നോട്ടുകൾ പിൻവലിക്കാൻ ആർബിഐ തീരുമാനിച്ചിരുന്നു. സെപ്തംബർ 31 വരെയാണ് നോട്ടുകൾ മാറാനുളള സമയം. ഇതും ഓരോ ദിവസവും മാറാവുന്ന നോട്ടുകൾക്ക് പരിധിയും ഏർപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ 2000 രൂപയുടെ നോട്ട് ഇപ്പോഴും നിയമപരമായി സാധുവാണെന്ന മറുപടി നൽകിയാണ് തൃണമൂൽ നേതാവ് കുനാൽ ഘോഷ് ബിജെപിയുടെ ആരോപണത്തോട് പ്രതികരിച്ചത്. ബംഗാളിൽ നിന്നുളളവരാണ് ബലാസോറിലുണ്ടായ അപകടത്തിൽ കൂടുതലും മരിച്ചത്. 103 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതായും 30 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നുമാണ് മമത ബാനർജി ഇന്നും പറഞ്ഞത്.
Discussion about this post