കൊച്ചി: അഡാർ ലൗ സിനിമയെ ഹിറ്റാക്കിയ കണ്ണിറുക്കലിനെ ചൊല്ലി സംവിധായകൻ ഒമർ ലുലുവും നടി പ്രിയ വാര്യരും തമ്മിൽ പോര്. പേർളി മാണിയുമായുളള അഭിമുഖത്തിൽ ഈ നമ്പർ താൻ കൈയ്യിൽ നിന്ന് ഇട്ടതാണെന്ന നടിയുടെ മറുപടിയാണ് ഒമർ ലുലുവിനെ ചൊടിപ്പിച്ചത്.
എന്നാൽ സംവിധായകനായ ഒമർ ലുലുവിന്റെ നിർദ്ദേശം അനുസരിച്ചാണ് കണ്ണിറുക്കിയതെന്ന് സിനിമ ഹിറ്റായതിന് പിന്നാലെ നൽകിയ ചാനൽ അഭിമുഖങ്ങളിൽ പ്രിയ പറഞ്ഞിരുന്നു. പഴയ അഭിമുഖങ്ങളിലെ ഭാഗങ്ങൾ പങ്കുവെച്ചാണ് ഒമർ ലുലു നടിയുടെ പുതിയ വെളിപ്പെടുത്തലിന് മറുപടി നൽകിയത്. അഡാർ ലൗവിൽ പ്രിയ വാര്യരെ ഹിറ്റാക്കിയ രംഗമായിരുന്നു ഈ കണ്ണിറുക്കൽ.
അഞ്ച് വർഷമായി, കുട്ടി മറന്നതാകും എന്നായിരുന്നു ഒമർ ലുലുവിന്റെ പ്രതികരണം. നടിയെ പരിഹസിച്ച് എന്റെ സിനിമയിലൂടെ വന്ന് ഓർമ്മ നഷ്ടപ്പെട്ടവർക്ക് വലിയ ചന്ദനാദി എണ്ണ ബെസ്റ്റ് ആണെന്ന പരസ്യ വാചകവും ഒമർ ലുലു കുറിച്ചു.
അഭിമുഖത്തിനിടെ സിനിമയിലെ കണ്ണിറുക്കുന്ന ചിത്രം കാണിച്ചിട്ട് എന്ത് തോന്നുന്നുവെന്ന് അവതാരികയായ പേർളി ചോദിക്കുന്നു. എന്താ പറയുക, അഞ്ച് വർഷമായി എന്ന് നടിയുടെ മറുപടി. അത് സംവിധായകന്റെ ഇൻപുട്ട് ആയിരുന്നോ അതോ പ്രിയയുടെ കൈയ്യിൽ നിന്ന് ഇട്ടതായിരുന്നോ എന്ന് വീണ്ടും ചോദിക്കുമ്പോൾ ഞാൻ എന്റെ കൈയ്യിൽ നിന്ന് ഇട്ടതാണെന്ന് ആയിരുന്നു പ്രിയയുടെ മറുപടി.
Discussion about this post