കീവ്: അണക്കെട്ട് തകർന്നതിന് പിന്നാലെ യുക്രെയ്‌നിലെ സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാകുന്നു. ഡിനിപ്രോ നദിക്കരയിലുള്ള യുക്രേനിയൻ നഗരങ്ങളിലെ 42,000ത്തിലധികം ആളുകൾ വെള്ളപ്പൊക്ക ഭീഷണി നേരിടുകയാണെന്ന് യുഎൻ എയ്ഡ് ചീഫ് മുന്നറിയിപ്പ് നൽകി. ഇന്നലെയാണ് യുക്രെയ്‌നിലെ കൂറ്റൻ അണക്കെട്ട് വ്യോമാക്രമണത്തിൽ തകർന്നത്. സംഭവത്തിൽ റഷ്യയും യുക്രെയ്‌നും പരസ്പരം ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്.
അണക്കെട്ടിന് 60 കിലോമീറ്റർ ദൂരെയുള്ള ഖേഴ്‌സൺ നഗരത്തെയാണ് ആദ്യഘട്ടത്തിൽ വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ചത്. ഖേഴ്‌സൺ നഗരത്തിന് ചുറ്റുമുള്ള 24ഓളം ഗ്രാമങ്ങൾ ഇതിനോടകം പൂർണമായും വെള്ളത്തിനടിയിലായെന്നാണ് റിപ്പോർട്ട്. അണക്കെട്ട് തകർന്നതിന്റെ തീവ്രത വരും ദിവസങ്ങളിൽ മാത്രമേ വ്യക്തമാകൂ എന്ന് യുഎൻ സെക്യൂരിറ്റി മേധാവി മാർട്ടിൻ ഗ്രിഫിത്ത്സ് പറഞ്ഞു. വീടും ഉപജീവനമാർഗവും ഭക്ഷണവും വെള്ളവും എല്ലാം ഈ ജനങ്ങൾക്ക് നഷ്ടമായിരിക്കുകയാണ്. തെക്കൻ യുക്രെയ്‌നിലെ ആളുകളെ ആയിരിക്കും ഇത് ഗുരുതരമായ രീതിയിൽ ബാധിക്കുന്നതെന്നും മാർട്ടിൻ ഗ്രിഫിത്ത്സ് പറഞ്ഞു.
നിലവിൽ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും വരും ദിവസങ്ങളിൽ നിരവധി മരണങ്ങൾക്ക് കാരണമായേക്കാമെന്ന് യുഎസ് വക്താവ് ജോൺ കിർബി പറഞ്ഞു. റഷ്യൻ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളേയും വെള്ളപ്പൊക്കം സാരമായി ബാധിച്ചിട്ടുണ്ട്. യുക്രെയ്‌നാണ് അണക്കെട്ട് തകർത്തതെന്ന ആരോപണങ്ങളെ യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ തള്ളി. സ്വന്തം രാജ്യത്തെ അണക്കെട്ട് നശിപ്പിച്ച് സ്വന്തം ആളുകളെ ദ്രോഹിക്കാൻ ആരെങ്കിലും ശ്രമിക്കുമോ എന്ന് യുഎന്നിലെ ഡെപ്യൂട്ടി യുഎസ് അംബാസഡർ റോബർട്ട് വുഡ് ചോദിച്ചു.
നേരത്തെ ജനീവ കൺവെൻഷനിൽ യുദ്ധങ്ങളിൽ അണക്കെട്ട് തകർക്കുന്നത് നിരോധിച്ചിരുന്നു. സാധാരണക്കാർക്ക് അപകടം ഉണ്ടാകുമെന്നതിനാലായിരുന്നു ഇത്. അണക്കെട്ട് തകർത്തതിന് പിന്നാലെ തങ്ങൾ അന്താരാഷ്ട്ര ക്രിമിനൽ കോടതിയെ സമീപിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി രംഗത്തെത്തി.
Discussion about this post