വയനാട്: രാഹുൽ ഗാന്ധിക്ക് എംപി സ്ഥാനം നഷ്ടമായതിന് പിന്നാലെ ഒഴിവ് വന്ന വയനാട് ലോക്‌സഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളാകുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതിനുളള നീക്കങ്ങൾ ആരംഭിച്ചുവെന്നാണ് വിവരം. കോഴിക്കോട് കളക്ട്രേറ്റിൽ വോട്ടിംഗ് യന്ത്രങ്ങളുടെ പരിശോധന ആരംഭിച്ചു. ഇതിനായി കളക്ട്രേറ്റിൽ എത്താൻ വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ഡെപ്യൂട്ടി കളക്ടറാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഇവിഎം മെഷീനുകളുടെ ആദ്യഘട്ട പരിശോധനയ്ക്ക് ശേഷമുള്ള മോക്ക്‌പോൾ ഇന്ന് രാവിലെ എട്ട് മുതൽ കോഴിക്കോട് സിവിൽ സ്‌റ്റേഷൻ ആശ്വാസകേന്ദ്രം ഗോഡൗണിൽ ആരംഭിക്കുകയാണെന്നും, ഈ സമയത്തും മോക്ക്‌പോൾ പൂർത്തിയാകുന്നത് വരെയും ജില്ലയിലെ അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ സാന്നിദ്ധ്യം ഉണ്ടാകണം എന്നുമാണ് ഡെപ്യൂട്ടി കളക്ടറുടെ നോട്ടീസിൽ പറയുന്നത്.
രാഹുൽഗാന്ധിയുടെ പേഴ്‌സണൽ സ്റ്റാഫിനെ കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ പിൻവലിച്ചിരുന്നു. പിന്നാലെയാണ് ഉപതിരഞ്ഞെടുപ്പിനുള്ള നീക്കങ്ങൾ ആരംഭിച്ചത്. ഉപതിരഞ്ഞെടുപ്പ് എന്നത്തേക്ക് നടക്കും എന്നതടക്കമുള്ള വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.












