ന്യൂഡൽഹി : ജെഎൻയു ക്യാമ്പസിൽ വിദ്യാർത്ഥിനികൾക്ക് നേരെ അതിക്രമം. കാറിലെത്തിയ അക്രമികൾ വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചു. ഇന്നലെ രാത്രി 12 മണിക്ക് ശേഷമാണ് സംഭവം നടന്നത്. അക്രമികൾ മദ്യപിച്ചിരുന്നതായി വിദ്യാർത്ഥികൾ നൽകിയ പരാതിയിൽ പറയുന്നു.
ജെഎൻയു ക്യാമ്പസിൽ രാത്രി നേരങ്ങളിലും വിദ്യാർത്ഥികൾ പുറത്തിറങ്ങി നടക്കാറുണ്ട്. അതിനിടെ കാറിലെത്തിയവർ പെൺകുട്ടികളുടെ മുന്നിൽ വാഹനം നിർത്തി സംസാരിക്കുകയായിരുന്നു. തുടർന്നാണ് ഇവരെ വാഹനത്തിലേക്ക് വലിച്ച് കയറ്റാൻ ശ്രമിച്ചത്.
പെൺകുട്ടികൾ ബഹളം വെച്ചതോടെ മറ്റ് വിദ്യാർത്ഥികൾ ഓടിക്കൂടി. കൂടുതൽ വിദ്യാർത്ഥികളെത്തിയതോടെ ഇവർ കാർ എടുത്ത് പുറത്തേക്ക് പോകുകയായിരുന്നു. പെൺകുട്ടികൾക്ക് പരിക്കേറ്റിട്ടില്ല. പരാതി നൽകിയതിനെ തുടർന്ന് സംഭവത്തിൽ പോലീസ് അന്വേഷണം നടത്തുകയാണ്.
Discussion about this post