ന്യൂഡൽഹി: എണ്ണക്കമ്പനികൾ നഷ്ടം ഏറെക്കുറേ നികത്തിയ സാഹചര്യത്തിൽ, ഇന്ത്യയിൽ പെട്രോളിനും ഡീസലിനും വില കുറയാൻ സാദ്ധ്യതയെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. പാദവാർഷിക സൂചനകൾ പ്രകാരം രാജ്യത്തെ എണ്ണക്കമ്പനികൾ സാധാരണ ഗതിയിലേക്ക് മടങ്ങുകയാണ്. ഇതിന്റെ പശ്ചാത്തലത്തിലാകും രാജ്യത്ത് ഇന്ധന വില കുറയുക.
നിലവില സാഹചര്യം ഇതേപടി തുടരുകയാണെങ്കിൽ എണ്ണക്കമ്പനികളുടെ വരുംകാല പ്രകടനവും ആശാവഹമായിരിക്കുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അതേസമയം എണ്ണ ഉത്പാദനം കുറയ്ക്കാൻ ഒപെക് രാജ്യങ്ങൾ അടുത്തയിടെ തീരുമാനിച്ചിരുന്നു. എന്നാൽ ഇത് ഇന്ത്യയെ ബാധിക്കില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
നിലവിൽ ഇന്ത്യൻ വിപണിയിൽ ആവശ്യത്തിന് ഇന്ധന ലഭ്യതയുണ്ടെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം വ്യക്തമാക്കി. ജൂലൈ മുതൽ പെട്രോളിയം ഉത്പാദനം കുറയ്ക്കുമെന്ന സൗദിയുടെ അറിയിപ്പിന്റെ പശ്ചാത്തലത്തിലായിരുന്നു കേന്ദ്ര സർക്കാരിന്റെ പ്രതികരണം. ഇന്ത്യയിൽ അസംസ്കൃത എണ്ണ ശേഖരവും നിലവിൽ ഭദ്രമാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു.
ഇന്ധന ലഭ്യതയുടെ കാര്യത്തിൽ ഇന്ത്യ നിലവിൽ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. സുസ്ഥിരതയും ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വർദ്ധിച്ചതും രാജ്യത്തിന് ഗുണകരമാണ്. എഥനോൾ സംയോജന പദ്ധതികളും ശരിയായ പാതയിലാണ്.
തുടക്കത്തിൽ നമുക്ക് ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. എന്നാൽ നിലവിൽ ആശങ്കകൾ എല്ലാം പരിഹരിച്ചിരിക്കുകയാണെന്നും നൂതന സാങ്കേതിക വിദ്യകൾക്കൊപ്പം വാഹന കമ്പനികളെയും വിശ്വാസത്തിലെടുക്കുന്ന നയമാണ് കേന്ദ്ര സർക്കാർ പിന്തുടരുന്നതെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
Discussion about this post