കാബൂൾ : അഫ്ഗാനിസ്ഥാനിൽ മസ്ജിദിന് സമീപം ബോംബാക്രമണം. 11 പേർ കൊല്ലപ്പെട്ടു. വടക്കുകിഴക്കൻ ബദാക്ഷാൻ പ്രവിശ്യയിലാണ് സംഭവം. ഡെപ്യൂട്ടി ഗവർണറുടെ അനുശോചന ചടങ്ങിനിടെയാണ് ആക്രമണം നടന്നത്. ഫൈസാബാദിലെ നൂറുകണക്കിന് ആളുകൾക്കൊപ്പം ബുധനാഴ്ച നടന്ന ചടങ്ങിൽ നിരവധി മുതിർന്ന താലിബാൻ ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു. ആർക്കെല്ലാം പരിക്കേറ്റു എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
ആക്രമണത്തിൽ പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ 11 പേർ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് താലിബാൻ ആഭ്യന്തര മന്ത്രാലയ വക്താവ് അബ്ദുൾ നാഫി ടാക്കൂർ പറഞ്ഞു. മരണസംഖ്യ ഇനിയും ഉയരുമെന്ന ആശങ്കയുണ്ടെന്നും ടാക്കൂർ കൂട്ടിച്ചേർത്തു.
കാറിന് നേരെ നടന്ന ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട ബദാക്ഷാൻ ഡെപ്യൂട്ടി ഗവർണർ നിസാർ അഹമ്മദ് അഹമ്മദിയുടെ അനുസ്മരണ ചടങ്ങിന് നേരെയാണ് സ്ഫോടനം ഉണ്ടായത്. ഫൈസാബാദിൽ ചൊവ്വാഴ്ച നടന്ന ആക്രമണത്തിൽ ഡെപ്യൂട്ടി ഗവർണറുടെ ഡ്രൈവറും കൊല്ലപ്പെട്ടിരുന്നു. 10 പേർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.
ഐഎസ് ഭീകരസംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. ഈ ആക്രമണത്തിന് പിന്നിലും ഐഎസ് ആണെന്നാണ് പ്രാഥമിക നിഗമനം.
Discussion about this post