ന്യൂഡൽഹി : സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി ഫോണിലൂടെ ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു രാജ്യങ്ങളും തമ്മിലുളള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുകയും ആഗോള വിഷയങ്ങൾ സംബന്ധിച്ച് അവലോകനം നടത്തുകയും ചെയ്തു. ആഭ്യന്തര കലാപം നടന്ന സുഡാനിൽ നിന്ന് ജിദ്ദ വഴി ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുന്നതിന് സൗദി കിരീടാവകാശി നൽകിയ പിന്തുണക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
”സൗദി അറേബ്യ കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാനുമായി സംസാരിച്ചു. കണക്റ്റിവിറ്റി, ഊർജം, പ്രതിരോധം, വ്യാപാരം, നിക്ഷേപം എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വർധിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തു. പ്രാദേശികവും ആഗോളവുമായ വിഷയങ്ങൾ അവലോകനം ചെയ്തു. സുഡാനിൽ നിന്ന് ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനും ഹജ്ജിനുമായി അദ്ദേഹം നൽകിയ പിന്തുണയെ അഭിനന്ദിച്ചു.” പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
സുഡാനിൽ ആഭ്യന്തര കലാപം നടക്കുന്നതിനിടെ ഓപ്പറേഷൻ കാവേരിയിലൂടെ രാജ്യത്ത് നിന്ന് നിരവധി പേരെയാണ് രക്ഷിച്ച് തിരികെ എത്തിച്ചത്. സുഡാനിലെ വിവിധ ഇടങ്ങളിൽ കുടുങ്ങിക്കിടന്ന മൂവായിരത്തോളം പേരെയാണ് ഇന്ത്യ രക്ഷിച്ചത്. ഇതിന് സൗദി കിരീടാവകാശി പൂർണ്ണ പിന്തുണ നൽകിയിരുന്നു.
ഹജ് തീർഥാടനത്തിന് പ്രധാനമന്ത്രി മോദി ആശംസകൾ അറിയിച്ചു. ഇന്ത്യയുടെ നിലവിലുള്ള ജി20 പ്രസിഡൻസിയെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പൂർണമായി പിന്തുണച്ചു.
Discussion about this post