ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപ്പറേഷന്റെ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. കോടതി ഉത്തരവിനെ തുടർന്നാണ് 103 ദിവസങ്ങൾക്ക് ശേഷം ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഫലം അനുസരിച്ച് ബിജെപിയുടെ മൂന്നംഗങ്ങളും ആംആദ്മിയുടെ മൂന്നംഗങ്ങളും സ്റ്റാൻഡിങ്ങ് കൌൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് റിട്ടേണിംഗ് ഓഫീസർ കൂടിയായ മേയർ ഡോ. ഷെല്ലി ഒബ്‌റോയ് ആണ് തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് അംഗീകാരം നൽകിയത്. ഇതിന് പിന്നാലെയാണ് കോർപറേഷൻ സെക്രട്ടറി ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. ഫലം അനുസരിച്ച് ആം ആദ്മി പാർട്ടിയുടെ മൂന്ന് പേരും ബിജെപിയുടെ മൂന്ന് അംഗങ്ങളും വിജയിച്ചു.
ഫെബ്രുവരി 24നാണ് സ്റ്റാൻറിങ്ങ് കമ്മിറ്റി തിരഞ്ഞെടുപ്പ് നടന്നത്ഇതിൽ ഒരു വോട്ട് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്. ഇതേ തുടർന്ന് ഫെബ്രുവരി 27ന് തിരഞ്ഞെടുപ്പ് നടത്താൻ മേയർ വീണ്ടും ഉത്തരവിട്ടു. ഇതിനെതിരെ ബിജെപി കൗൺസിലർമാരായ കമൽജീത് സെഹ്‌റവത്തും, ശിഖയും ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.
ഹർജിയെ തുടർന്ന് തിരഞ്ഞെടുപ്പ് പ്രക്രിയ ശരിയാണെന്നും ഫലം ഉടൻ പ്രഖ്യാപിക്കാൻ മേയറോട് ഹൈക്കോടതി നിർദേശിക്കുകയായിരുന്നു. വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവും കോടതി നിരസിച്ചു. ഡൽഹി മുനിസിപ്പൽ കോർപ്പറേഷന്റെ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ 18 അംഗങ്ങളാണുള്ളത്. ഇതിൽ ആറ് അംഗങ്ങളെ സഭയിൽ നിന്ന് തിരഞ്ഞെടുക്കുമ്പോൾ 12 അംഗങ്ങളെ വാർഡ് കമ്മിറ്റിയിൽ നിന്നാണ് തിരഞ്ഞെടുക്കുന്നത്.
ആറ് അംഗങ്ങളിൽ മൂന്ന് ബിജെപിയും മൂന്ന് എഎപിയും വിജയിച്ചു. ഇപ്പോൾ 12 വാർഡ് കമ്മിറ്റികളിൽ നാല് വാർഡ് കമ്മിറ്റികളിൽ ബിജെപിക്ക് ഭൂരിപക്ഷമുണ്ട്. അതേസമയം, ആൽഡർമാൻ വോട്ട് ചെയ്താൽ മൂന്ന് വാർഡ് കമ്മിറ്റികളും (സെൻട്രൽ, സിവിൽ ലൈൻസ്, നരേല സോൺ) ബിജെപിക്ക് പോയേക്കാം. നിലവിൽ ഈ സമിതികളിൽ ബിജെപിക്കും എഎപിക്കും തുല്യ അംഗങ്ങളാണുള്ളത്.
Discussion about this post