ന്യൂഡൽഹി: മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകം ചിത്രീകരിക്കുന്ന ഫ്ളോട്ട് ഉൾപ്പെടുത്തി ഖാലിസ്ഥാൻവാദികൾ ബ്രാംപ്ടണിൽ നടത്തിയ പരേഡിൽ കാനഡയ്ക്കെതിരെ രൂക്ഷ വിമർശനവുമായി വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി. ഒരു കുറ്റകൃത്യവും ആഘോഷിക്കുന്നത് ശരിയല്ലെന്ന് മീനാക്ഷി ലേഖി ചൂണ്ടിക്കാട്ടി. ഏതൊരു ജനാധിപത്യ സർക്കാരിന്റേയും അധികാര പരിധിക്കുള്ളിൽ കൊലപാതകം എന്നത് നീതീകരിക്കാനാകാത്ത കുറ്റകൃത്യമാണ്. കാനഡയിൽ ഇതുമായി ബന്ധപ്പെട്ട നടന്ന എല്ലാക്കാര്യങ്ങളും നിയമത്തിന്റെ പരിധിക്കുള്ളിൽ വരുന്നതും ക്രമസമാധാനവുമായി ബന്ധപ്പെട്ടതുമാണ്. സംഭവത്തിൽ കാനഡ സർക്കാർ കർശന നടപടി സ്വീകരിക്കണമെന്നും മീനാക്ഷി ലേഖി ആവശ്യപ്പെട്ടു.
ഖാലിസ്ഥാൻ തീവ്രവാദികൾക്ക് ഇത്തരത്തിൽ അഴിഞ്ഞാടാൻ അവസരം ഒരുക്കുന്നത് കാനഡ-ഇന്ത്യ ബന്ധത്തിന് ഗുണം ചെയ്യില്ലെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കറും മുന്നറിയിപ്പ് നൽകിയിരുന്നു. ”വിഘടനവാദികൾക്കും തീവ്രവാദികൾക്കും ഇടം നൽകുന്നത് കാനഡയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിന് ഒട്ടും യോജിച്ചതല്ല. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടിയാകാം ഇതെല്ലാം ചെയ്യുന്നത്. പക്ഷേ ഇതിൽ ധാരാളം പ്രശ്നങ്ങളുണ്ട്. തീവ്രവാദികൾക്ക് ഇത്തരത്തിൽ ഇടം നൽകുന്നതിലൂടെ വലിയ പ്രശ്നങ്ങളാണ് ഉണ്ടാകാൻ പോകുന്നത്. ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധത്തിന് ഇത് ഒരിക്കലും യോജിച്ചതല്ലെന്നും” അദ്ദേഹം പറഞ്ഞു.
ബ്രാംപ്ടണിൽ നടന്ന പരേഡിന്റെ ഭാഗമായിട്ടാണ് ഖാലിസ്ഥാൻവാദികൾ ഇന്ദിരാഗാന്ധിയുടെ കൊലപാതകം പുന:സൃഷ്ടിച്ചത്. ഈ സംഭവം തന്നേയും അങ്ങേയറ്റം ഞെട്ടിച്ചുവെന്ന് ഇന്ത്യയിലെ കനേഡിയൻ ഹൈക്കമ്മീഷണർ കാമറൂൺ മക്കേയ് പറഞ്ഞിരുന്നു. അതേസമയം കാനഡയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇന്ത്യ ഇടപെടുകയാണെന്ന കാനഡ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോഡി തോമസിന്റെ പരാമർശത്തെ ജയശങ്കർ തള്ളിക്കളഞ്ഞു. ബ്ലൂ സ്റ്റാർ ഓപ്പറേഷന്റെ 39ാം വാർഷികത്തോട് അനുബന്ധിച്ചുള്ള ആഘോഷ പരിപാടികളുടെ ഭാഗമായിട്ടാണ് ഇന്ദിരാഗാന്ധി വധവുമായി ബന്ധപ്പെട്ട് ഖാലിസ്ഥാനികൾ ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്.
Discussion about this post