ബാലസോർ: ഒഡീഷ ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ സൂക്ഷിച്ച സ്‌കൂളിലേക്ക് കുട്ടികളെ വിടാൻ മാതാപിതാക്കൾ മടിക്കുന്നതായി റിപ്പോർട്ട്. ബഹനഗ സർക്കാർ നോഡൽ ഹൈസ്‌കൂളിലേക്ക് കുട്ടികളെ അയക്കാനാണ് രക്ഷിതാക്കൾ മടിക്കുന്നത്. മരിച്ചവരുടെ ആത്മാക്കൾ തങ്ങളുടെ കുട്ടികളെ വേട്ടയാടുമെന്നാണ് രക്ഷിതാക്കൾ പറയുന്നത്.
മൃതദേഹങ്ങൾ സൂക്ഷിച്ച സ്‌കൂൾ കെട്ടിടത്തിന്റെ ഭാഗം ഇടിച്ച് കളഞ്ഞ് പുതിയത് പണിയണമെന്നാണ് രക്ഷിതാക്കളുടേയും സ്‌കൂൾ അധികൃതരുടേയും ആവശ്യം. ബാലസോർ ജില്ലാ കളക്ടർ ദത്താത്രേയ ബാവുസാഹബ് ഷിൻഡെ ഈ ആവശ്യം സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടുണ്ട്. അതേസമയം ഇത്തരത്തിൽ അനാവശ്യമായി പ്രേതങ്ങളെ കുറിച്ചുള്ള ചിന്തകൾ കുട്ടികളിലേക്ക് പകരാതെ ശാസ്ത്രീയ ചിന്തകൾ കുട്ടികൾക്ക് കൈമാറണമെന്ന് അദ്ദേഹം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
അപകടം നടന്ന സ്ഥലത്തിന് തൊട്ടടുത്തായാണ് ഈ സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. അരക്കിലോമീറ്റർ മാത്രം ദൂരത്തിലുള്ള ഈ സ്‌കൂളിലേക്കാണ് ആദ്യ ഘട്ടത്തിൽ പരിക്കേറ്റവരേയും മരിച്ചവരുടെ മൃതദേഹങ്ങളുമെല്ലാം എത്തിച്ചത്. ആശുപത്രിയിൽ തിരക്കേറിയതോടെ കുറച്ച് ആളുകളുടെ മൃതദേഹം ഇവിടെ ഒരു ദിവസം സൂക്ഷിക്കേണ്ടി വന്നു. ശേഷമാണ് ഭുവനേശ്വറിലെ ആശുപത്രികളിലേക്ക് മാറ്റിയത്.
മൃതദേഹം സൂക്ഷിച്ച കെട്ടിടം പൊളിച്ച് മാറ്റാതെ കുട്ടികളെ വിടില്ലെന്നാണ് രക്ഷിതാക്കളുടെ നിലപാട്. തങ്ങൾക്ക് പ്രേതത്തിലും ഭൂതത്തിലും വിശ്വാസമില്ലെങ്കിലും നാട്ടുകാരുടെ അഭ്യർത്ഥന പ്രകാരമാണ് ഈ ആവശ്യം ഉന്നയിക്കുന്നതെന്ന് സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി അംഗ് രാജാറാം മൊഹപാത്ര പറഞ്ഞു. നിലവിൽ താത്കാലികമായി മറ്റൊരിടത്ത് ക്ലാസുകൾ നടത്താനാകുമോ എന്ന കാര്യമാണ് സ്‌കൂൾ അധികൃതർ പരിശോധിക്കുന്നത്.
Discussion about this post