പാലക്കാട്: വടക്കഞ്ചേരിയിൽ പോസ്റ്റിൽ കാറിടിച്ചു കയറ്റി എഐ ക്യാമറ തകർത്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ പുതുക്കോട് സ്വദേശി മുഹമ്മദ് എം.എസ് ആണ് പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർ കൂടി പിടിയിലാകാനുണ്ട്. ഇവർക്കായി പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു ആയക്കാട് സ്ഥാപിച്ചിരുന്ന എഐ ക്യാമറ പ്രതികൾ കാർ കൊണ്ട് ഇടിച്ച് തകർത്തത്. വാഹനം ഇടിച്ച് പോസ്റ്റ് തകർന്ന് താഴെ വീണതോടെ ഇത് വലിച്ചുകൊണ്ടുപോയി അടുത്ത തെങ്ങിൻതോപ്പിൽ ഉപേക്ഷിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഇതേ വാഹനത്തിൽ പ്രതികൾ കടന്നു കളഞ്ഞു. സംഭവം അറിഞ്ഞെത്തിയ പോലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ തന്നെ സംഭവം കരുതിക്കൂട്ടി ചെയ്തതാണെന്ന് വ്യക്തമാകുകയായിരുന്നു.
സ്ഥലത്ത് നിന്നും ലഭിച്ച ചില്ലു കഷ്ണങ്ങളിൽ നിന്നും കാറിന്റെ പേര് പോലീസിന് ലഭിച്ചു. സിദ്ധാർത്ഥ് എന്നായിരുന്നു ഇടിച്ച വാഹനത്തിന്റെ പേര്. ഈ പേര് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലായിരുന്നു പ്രതികളെ സംബന്ധിക്കുന്ന വിവരങ്ങൾ പോലീസിന് ലഭിച്ചത്. പുതുക്കോട് സ്വദേശിയുടെ കാറാണ് ഇത്. സംഭവ ശേഷം ഈ വാഹനം പ്രതികൾ ഉപേക്ഷിച്ചു. ഈ കാറിനായുള്ള തിരച്ചിൽ തുടരുകയാണ്.
ആയക്കോടുള്ള സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു മുഹമ്മദ്. ഇയാൾക്ക് ഏറെ നേരം ഒളിച്ചിരിക്കാൻ കഴിയുമായിരുന്നില്ല. ഇതായിരുന്നു പോലീസിന് സഹായകമായത്. ഇയാളെ പോലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്.












