കൊച്ചി: ഐഷ സുൽത്താന സംവിധാനം ചെയ്ത ഫ്‌ളഷ് സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട വിവാദങ്ങൾ പുതിയ തലത്തിലേക്ക്. സിനിമയുടെ റിലീസ് തടയാൻ ശ്രമിക്കുന്നത് ഐഷ സുൽ്ത്താനയാണെന്ന് നിർമാതാവ് ബീന കാസിം ആരോപിച്ചു.
ലക്ഷദ്വീപ് പോലുള്ള ഒരു സ്ഥലത്ത് നിന്ന് ഒരു സ്ത്രീ സംവിധായക ഉയർന്നുവരട്ടെ എന്നു കരുതിയാണ് ഐഷാ സുൽത്താനയുമായി പ്രൊജക്ട് ഉറപ്പിച്ചത്. ലക്ഷദ്വീപിലെ ജനങ്ങൾ ശുദ്ധരാണ്. ആ ഒരു വിശ്വാസ്യതയാണ് ഐഷാ സുൽത്താനയിൽ നിന്നും പ്രതീക്ഷിച്ചത്. ഇത് വലിയ തിരിച്ചടിയായി. താങ്ങാനാവുന്നതിലും വലിയ പ്രതിസന്ധിയാണ് അവർ എനിക്ക് നൽകിയതെന്നും ഐഷ സുൽത്താന ചെയ്തത് വിശ്വാസ വഞ്ചനയാണെന്നും ബീന കാസിം ആരോപിച്ചു.
ഇപ്പോൾ ആരുടെയോ താൽപര്യങ്ങൾക്കു വേണ്ടി അവർ ഇല്ലാത്ത പ്രചാരണങ്ങൾ ഉണ്ടാക്കുകയാണ്. അവരുടെ ഉദ്ദേശ്യമെന്താണെന്ന് അറിയില്ലെന്നും ബീന കാസിം പറഞ്ഞു. പൊതുവെ ലക്ഷദ്വീപിലെ ആളുകൾ സത്യസന്ധരാണ്. ഇങ്ങനെ ഒരു ചതി അവരുടെ ഭാഗത്ത് നിന്ന് പ്രതീക്ഷിച്ചില്ലെന്നും ബീന കാസിം പറഞ്ഞു.
സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിലേക്ക് പോലും ഐഷാ സുൽത്താന കേന്ദ്ര സർക്കാരിനെയും ബിജെപിയെയും അനാവശ്യമായി വലിച്ചിഴക്കുന്നു. സിനിമയിൽ കേന്ദ്ര സർക്കാരിനെതിരെ പറയുന്നത് കൊണ്ട് ഞങ്ങൾ സിനിമ തടഞ്ഞതെന്നാണ് അവർ വ്യാജ പ്രചാരണം നടത്തുന്നത്. ഒരു പ്രൊഡ്യൂസർ എന്ന നിലയ്ക്ക് സിനിമ പുറത്തിറങ്ങണമെന്നാണ് എന്റെ തീരുമാനം. ട്രെയിലറും ഗാനരംഗങ്ങളും എല്ലാം പുറത്തു വന്നിരുന്നതാണെന്നും ബീന കാസിം പറഞ്ഞു.
ജനങ്ങൾ സിനിമ കാണട്ടെയെന്നും ഈ മാസം 16 ന് സിനിമ റിലീസ് ചെയ്യുമെന്നും ബീന കാസിം വാർത്താസമ്മേളനത്തിൽ കൊച്ചിയിൽ പറഞ്ഞു. ലക്ഷദ്വീപിലെ കഥ പറയുന്ന സിനിമ റിലീസ് ചെയ്യാൻ നിർമാതാവ് അനുവദിക്കുന്നില്ലെന്ന് ആയിരുന്നു ഐഷ സുൽത്താനയുടെ ആരോപണം. നിർമാതാവിന്റെ ഭർത്താവ് ബിജെപി ജനറൽ സെക്രട്ടറി ആണെന്നും അതുകൊണ്ടാണ് സിനിമ റിലീസ് ചെയ്യാത്തതെന്നും ഉൾപ്പെടെയുളള വിചിത്ര ആരോപണങ്ങളാണ് ഐഷ ഉന്നയിച്ചിരുന്നത്. ഐഷയുടെ ആദ്യ സംവിധാന സംരംഭമായിരുന്നു ഫ്‌ളഷ് സിനിമ.












