കൊൽക്കത്ത: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറെ വിളിച്ചു വരുത്തി പശ്ചിമ ബംഗാൾ ഗവർണർ സി.വി ആനന്ദ ബോസ്. വരാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശം സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അക്രമങ്ങൾ അരങ്ങേറുന്നതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് സിൻഹയെ വിളിച്ചുവരുത്തിയത്. ഇന്നലെ വൈകീട്ടോടെ സിൻഹ രാജ്ഭവനിൽ എത്തി ഗവർണറെ കണ്ടു.
അടുത്ത മാസം എട്ടിനാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പ്. ഇതിനായുള്ള നാമനിർദ്ദേശ പത്രിക സ്വീകരിക്കാനും അധികൃതർ ആരംഭിച്ചിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുകയായിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സുഖന്ദോ മജൂംദാർ രാജ്ഭവനിൽ എത്തി ഗവർണറെ കണ്ടിരുന്നു. നാമനിർദ്ദേശ പത്രികയുടെ സമർപ്പണവുമായി ബന്ധപ്പെട്ട് അങ്ങിങ്ങ് അക്രമങ്ങൾ അരങ്ങേറുന്നകാര്യം അദ്ദേഹമാണ് ഗവർണറുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഇതിന് തൊട്ടടുത്ത ദിവസം കോൺഗ്രസ് നേതാവ് ആധിർ രഞ്ജൻ ചൗധരി ഗവർണർക്ക് കത്തെഴുതുകയും ചെയ്തിരുന്നു. ഇതോടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷണറെ വിളിച്ച് വരുത്താൻ അദ്ദേഹം തീരുമാനിച്ചത്.
പഞ്ചായത്ത് തിരഞ്ഞെടുപ്പ് സുഗമമായി നടത്താൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് കൂടിക്കാഴ്ചയിൽ ഇരുവരും തമ്മിൽ ചർച്ച നടത്തിയിട്ടുണ്ട്. ആവശ്യമുണ്ടെങ്കിൽ കേന്ദ്രസേനയെ വിന്യസിക്കുന്ന കാര്യത്തിലും തീരുമാനമായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Discussion about this post