ഗുവാഹട്ടി : അസമിൽ ബിജെപി നേതാവ് കൊല്ലപ്പെട്ട നിലയിൽ. ബിജെപി നേതാവ് ജൊനാലി നാഥ് ആണ് കൊല്ലപ്പെട്ടത്. ഗോപാൽപാറ ജില്ലയിൽ നാഷണൽ ഹൈവേയ്ക്ക് സമീപത്ത് നിന്നാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന് മുൻപ് ജൊനാലി ക്രൂരമായ ആക്രമണത്തിന് ഇരയായതായാണ് പ്രാഥമിക വിവരം.
ഇന്നലെ പുലർച്ചെയാണ് കൃഷ്ണായ സൽപാർ മേഖലയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക് ഇവരെ മാർക്കറ്റിൽ കണ്ടിരുന്നുവെന്നാണ് ആളുകൾ പറയുന്നത്. അന്ന് വൈകീട്ട് ഇസ്ലാപൂരിലേക്ക് പുറപ്പെട്ട ജൊനാലിയെ കാണാതായതിനെ തുടർന്ന് അന്ന് തന്നെ കുടുംബാംഗങ്ങൾ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് റോഡിന് സമീപത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്.
ജൊനാലിയുടെ ശരീരത്തിൽ ആഴത്തിലുള്ള മുറിവുകൾ ഉണ്ടായിരുന്നു. മറ്റെവിടെയെങ്കിലും വെച്ച് കൊലപ്പെടുത്തിയ ശേഷം ഇവിടെ കൊണ്ടുവന്ന് ഉപേക്ഷിച്ചതാകാം എന്നാണ് വിവരം. പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.
Discussion about this post