മുംബൈ; രാജ്യവ്യാപകമായി എടിഎമ്മുകൾ കേന്ദ്രീകരിച്ച് വൻ തട്ടിപ്പ് നടന്നതായി പരാതി. കഴിഞ്ഞ വർഷം ഒക്ടോബർ 12 മുതൽ 14 വരെയുളള മൂന്ന് ദിവസങ്ങളിലായി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ എടിഎമ്മുകളിൽ നിന്ന് ഒരേ രീതിയിൽ 2.5 കോടി രൂപ നഷ്ടമായെന്നാണ് പരാതി.
എടിഎമ്മുകളിൽ കയറി ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കും. തുക മെഷീനിൽ രേഖപ്പെടുത്തിയ ശേഷം എടിഎമ്മിൽ നിന്ന് നോട്ടുകൾ പുറത്തേക്ക് വരുമ്പോൾ പവർ സപ്ലെ കേബിൾ മുറിച്ചോ സ്വിച്ച് ഓഫ് ചെയ്‌തോ മെഷീനിലേക്കുളള വൈദ്യുതി ഓഫ് ചെയ്യും. പുറത്തേക്ക് വന്ന നോട്ടുകൾ അവിടെ തന്നെ കുടുങ്ങും. ഈ നോട്ടുകൾ അനായാസം മോഷ്ടാക്കൾ കൈക്കലാക്കും. വൈദ്യുതി നേരെയായാൽ പണം പിൻവലിച്ചതായി രേഖപ്പെടുത്തുകയില്ല. പകരം പിൻവലിക്കാൻ കൊടുത്ത തുക ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് തന്നെ തിരിച്ചുകയറുകയും ചെയ്യും. ഇങ്ങനെ ഒറ്റതട്ടിപ്പിലൂടെ ഇരട്ടി തുകയാണ് ലഭിക്കുക. ഈ രീതിയാണ് എല്ലായിടത്തും മോഷ്ടാക്കൾ സ്വീകരിച്ചത്.
രാജ്യത്തെ 28 സംസ്ഥാനങ്ങളിലായി ഇങ്ങനെ 2743 തട്ടിപ്പ് ട്രാൻസാക്ഷൻസ് ആണ് നടന്നതെന്ന് വാൻറായ് പോലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. 872 ഡെബിറ്റ് കാർഡുകളാണ് ഇതിനായി ഉപയോഗിച്ചത്. രണ്ടോ മൂന്നോ പേർ ഒരുമിച്ചാണ് എടിഎമ്മിനുളളിൽ പ്രവേശിക്കുക. ഒരാൾ ഇടപാട് നടത്തുമ്പോൾ കൂടെയുളള ആളാണ് വൈദ്യുതി വിച്ഛേദിക്കുക.
വൈദ്യുതി മുടങ്ങിയതായി എടിഎമ്മുകളിലെ ഇലക്ട്രോണിക് ജേർണലിൽ രേഖപ്പെടുത്തുന്നതോടെ പിന്നീട് ടെക്‌നീഷ്യൻമാരെത്തി ഇത് നേരെയാക്കും. ഒറ്റ തട്ടിപ്പിൽ പോലും എടിഎമ്മുകൾക്ക് കേടുപാട് ഉണ്ടായിട്ടില്ല. പണം പിൻവലിക്കാൻ ഉപയോഗിച്ച ഡെബിറ്റ് കാർഡുകളുടെ വിശദാംശങ്ങൾ സഹിതമാണ് പരാതി നൽകിയിരിക്കുന്നത്. കൂടുതലും ഒരേ ബ്രാൻഡ് എടിഎം മെഷീനുകളിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്.
ഗൊരേഗാവ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പേമെന്റ് സൊല്യൂഷൻസ് പ്രൊവൈഡറാണ് പരാതി നൽകിയിരിക്കുന്നത്. പ്രാഥമിക പരിശോധന നടത്തിയ ശേഷമാണ് പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതെന്നും അതിനാലാണ് വൈകിയതെന്നും പോലീസ് പറഞ്ഞു.
Discussion about this post