അഹമ്മദാബാദ്: ബിപോർജോയ് ചുഴലിക്കാറ്റ് കരയിലെത്തുന്നതോടെ വലിയ തോതിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മൊഹപത്ര. മറ്റന്നാളോടെ ഗുജറാത്തിലെ കച്ച് തീരത്തിനും പാകിസ്താനിലെ കറാച്ചിക്കുമിടയിൽ വച്ചായിരിക്കും ബിപോർജോയ് കര തൊടുന്നത്. ദ്വാരക, ജാംനഗർ, കച്ച്, മോർബി ജില്ലകളിൽ അതിശക്തമായ കാറ്റ് ആയിരിക്കും അനുഭവപ്പെടുന്നത്. കരയിലെത്തുമ്പോൾ 125-135 കിലോമീറ്റർ വേഗതയിൽ വീശിയടിക്കുന്ന കാറ്റ് പിന്നീട് മണിക്കൂറിൽ 145-150 കിലോമീറ്റർ വേഗതയിലേക്ക് ആകും.
നിലവിൽ ദ്വാരകയിൽ നിന്ന് 280 കിലോമീറ്റർ അകലെയാണ് ചുഴലിക്കാറ്റ് നില കൊള്ളുന്നത്. കച്ച്, ദ്വാരക തുടങ്ങിയ ഇടങ്ങളിലെല്ലാം കനത്ത മഴയാണ് ഇപ്പോൾ മുതൽ അനുഭവപ്പെടുന്നത്. പ്രദേശത്ത് നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കുന്ന നടപടികൾ ഇപ്പോഴും പുരോഗമിക്കുകയാണ്. കച്ച്-ദ്വാരക മേഖലകളിൽ നിന്ന് ഇതുവരെ 12,000ത്തിലധികം പേരെ ഒഴിപ്പിച്ചു. പ്രധാന തുറമുഖങ്ങളെല്ലാം അടച്ചു.
ദേശീയ സംസ്ഥാന ദുരന്ത നിവാരണ സേനയിലെ അംഗങ്ങളടക്കം പ്രദേശത്ത് സജ്ജമായിട്ടുണ്ട്. താമസം, ഭക്ഷണം, മരുന്ന് തുടങ്ങീ ആവശ്യമായ ക്രമീകരണങ്ങളെല്ലാം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഗുജറാത്ത് ദുരിതാശ്വാസ കമ്മീഷണർ അലോക് പാണ്ഡെ പറഞ്ഞു. ഗുജറാത്തിന് പുറമെ മുംബൈയിലെ തീരദേശമേഖലകളിലെല്ലാം വലിയ കടലേറ്റമാണ് ഉണ്ടാകുന്നത്. മുംബൈ വിമാനത്താവളത്തിലെ 09/27 റൺവേ താത്കാലികമായി അടച്ചു. ഒട്ടേറെ വിമാനങ്ങൾ റദ്ദാക്കി. മുംബൈയിൽ ഇറങ്ങേണ്ടിയിരുന്ന പല വിമാനങ്ങളും വഴിതിരിച്ചുവിട്ടിരിക്കുകയാണ്.
Discussion about this post