മുംബൈ: പങ്കാളിയുമായി ബന്ധപ്പെട്ടുള്ള അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് തെന്നിന്ത്യൻ താരം തമന്ന ഭാട്ടിയ. ബോളിവുഡ് നടൻ വിജയ് വർമ്മയുമായി പ്രണയത്തിലാണെന്നാണ് താരത്തിന്റെ വെളിപ്പെടുത്തൽ. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.
ഗോവയിലെ ന്യൂയർപാർട്ടിയിൽ തമന്നയും വിജയ് വർമ്മയും പരസ്പരം ചുംബിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു. അന്ന് മുതലാണ് ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കാൻ ആരംഭിച്ചത്. ഇതിന് പിന്നാലെ മുംബൈയിലെ പലയിടങ്ങളിലും ഇരുവരും ഒന്നിച്ച് പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. എന്നാൽ തങ്ങൾ തമ്മിൽ സൗഹൃദത്തിൽ കവിഞ്ഞ് ഒരു ബന്ധവും ഇല്ലെന്ന് ആയിരുന്നു തമന്നയുടെ പ്രതികരണം. എന്നാൽ ഇതിന് ശേഷവും അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഇതിനാണ് തമന്നയുടെ വെളിപ്പെടുത്തലിലൂടെ വിരാമം ഉണ്ടായിരിക്കുന്നത്.
ലസ്റ്റ് സ്റ്റോറീസ് എന്ന സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗിനിടെയാണ് ഇരുവരും തമ്മിൽ അടുപ്പത്തിലായത്. വിജയ് ആയിരുന്നു ആദ്യം താരത്തോട് പ്രണയാഭ്യർത്ഥന നടത്തിയത്. ഇതിനോട് ലൊക്കേഷനിൽവച്ച് തന്നെ തമന്ന അനുകൂലമായി മറുപടി നൽകുകയായിരുന്നു. ഇപ്പോൾ ഒരു സിനിമാ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം തന്നെ പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്.
നിരവധി നടന്മാരുമായി താൻ അഭിനയിച്ചിട്ടുണ്ടെങ്കിലും വിജയ് വർമ്മയോട് തോന്നിയതു പോലെയുള്ള അടുപ്പം ഇതുവരെ ആരോടും ഉണ്ടായിട്ടില്ലെന്ന് തമന്ന പറഞ്ഞു. ചിലർ ചിലർക്ക് വേണ്ടി മാത്രം ഉള്ളതാണ്. എല്ലാവരോടും നമുക്ക് ആകർഷണം തോന്നുമെന്ന് കരുതുന്നില്ല. വിജയ് വർമ്മയെപ്പോലെയൊരാളെയാണ് താൻ നാളിതുവരെയായി കാത്തിരുന്നത് എന്നും തമന്ന പറഞ്ഞു.
താൻ ഏറ്റവും കൂടുതൽ അടുത്തിട്ടുള്ളത് വിജയുമായാണ്. വിജയ്‌ക്കൊപ്പം തനിക്ക് താനായി തുടരാൻ കഴിയുന്നുണ്ട്. സ്വന്തം പങ്കാളിയ്ക്ക് വേണ്ടി നമ്മുടെ നാട്ടിൽ മാത്രമാണ് സ്ത്രീകൾക്ക് സ്വയം മാറേണ്ടിവരുന്നത്. എന്നാൽ തനിക്ക് ഇതിന്റെ ആവശ്യമില്ല. തന്നെ പൂർണമായി മനസ്സിലാക്കുന്ന ജീവിത പങ്കാളിയാണ് വിജയ് എന്നും തമന്ന വ്യക്തമാക്കി.
Discussion about this post