ചെന്നൈ: തമിഴ്‌നാട്ടിൽ കള്ളപ്പണം വെളുപ്പിച്ച കേസിൽ മന്ത്രി അറസ്റ്റിൽ. ഡിഎംകെ മുതിർന്ന നേതാവും വൈദ്യുതി- എക്‌സൈസ് മന്ത്രിയുമായ വി. സെന്തിൽ ബാലാജിയെ ആണ് ഇഡി അറസ്റ്റ് ചെയ്തത്. കേസിൽ ഇന്നലെ ബാലാജിയെ കസ്റ്റഡിയിൽ എടുത്ത് ഇഡി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇന്ന് രാവിലെയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
നേരത്തെ എഐഎഡിഎംകെയുടെ നേതാവായിരുന്ന ബാലാജി 2011 മുതൽ 2015 തമിഴ്‌നാട് ഗതാഗത മന്ത്രിയായിരുന്നു. ഈ കാലയളവിൽ കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് ബാലാജിയ്‌ക്കെതിരായ കണ്ടെത്തൽ. സംഭവത്തിൽ കേസ് എടുത്തതിന് പിന്നാലെ ബാലാജിയെ അറസ്റ്റ് ചെയ്യുന്നതിനുള്ള നീക്കങ്ങൾ ഇഡി ആരംഭിച്ചു. എന്നാൽ ശക്തമായ സ്വാധീനമുള്ളതിനാൽ അറസ്റ്റുൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാൻ ഇഡിയ്ക്ക് ആയില്ല. തുടർന്ന് സുപ്രീം കോടതിയിൽ നിന്നും അനുമതി വാങ്ങിയ ശേഷമാണ് മന്ത്രിയ്‌ക്കെതിരായ നടപടികളിലേക്ക് ഇഡി കടന്നത്.
അനുമതിയുടെ അടിസ്ഥാനത്തിൽ ഇന്നലെ രാവിലെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയ്ക്ക് ഇഡി നോട്ടീസ് നൽകി. ഇത് പ്രകാരമായിരുന്നു ബാലാജി ചോദ്യം ചെയ്യലിനായി ഹാജരായത്. എന്നാൽ ചോദ്യം ചെയ്യലിനിടെ നാടകീയ രംഗങ്ങൾ ആയിരുന്നു ഓഫീസിൽ അരങ്ങേറിയത്.
ചോദ്യം ചെയ്യലിനിടെ ബാലാജി പൊട്ടിക്കരഞ്ഞു. ഇതിനിടെ നെഞ്ച് വേദന അനുഭവപ്പെടുന്നതായി ബാലാജി ഇഡി ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. ഇതോടെ ചോദ്യം ചെയ്യൽ അവസാനിപ്പിച്ച് ബാലാജിയെ ഒമന്തുരാരിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചു. വാഹനത്തിൽ കൊണ്ടുപോകുമ്പോഴും ആശുപത്രിയിൽവച്ചും ബാലാജി കരച്ചിൽ തുടർന്നു.
കേസിൽ അർദ്ധാ രാത്രി ബാലാജിയുടെ വീട്ടിലും സ്ഥാപനങ്ങളിലും ഇഡി പരിശോധന നടത്തിയിരുന്നു. ഇതിൽ ബാലാജി കുറ്റം ചെയ്തതായുള്ള തെളിവുകൾ ലഭിച്ചിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് അറസ്റ്റ് രേഖപ്പെടുത്താൻ തീരുമാനിച്ചത്.
Discussion about this post