വാഷിംഗ്ടൺ : അമേരിക്കയിലേക്ക് യാത്ര പോയ രാഹുൽ ഗാന്ധിയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. വാഷിംഗ് ടൺ ഡിസിയിൽ നിന്ന് ന്യൂയോർക്കിലേക്ക് ട്രക്കിൽ യാത്ര ചെയ്യുന്ന വീഡിയോയാണ് രാഹുൽ ഗാന്ധി പങ്കുവെച്ചത്. ഇന്ത്യൻ വംശജനായ ട്രക്ക് ഡ്രൈവറോടൊപ്പമായിരുന്നു യാത്ര.
‘വൈവിധ്യമാർന്ന ശബ്ദങ്ങൾ കേൾക്കാനുള്ള എന്റെ യാത്രയുടെ ഭാഗമായി അടുത്തിടെ വാഷിംഗ്ടൺ ഡിസിയിൽ നിന്ന് ന്യൂയോർക്കിലേക്ക് 190 കിലോമീറ്റർ ‘അമേരിക്കൻ ട്രക്ക് യാത്ര’ നടത്തി. ഡൽഹിയിൽ നിന്ന് ചണ്ഡിഗഡിലേക്കുള്ള എന്റെ ട്രക്ക് യാത്ര പോലെ, ഹൃദയം നിറഞ്ഞ ഒരു സംഭാഷണം ആസ്വദിച്ചു. അമേരിക്കയിലെ ഇന്ത്യൻ വംശജരായ ട്രക്ക് ഡ്രൈവർമാരുടെ ദൈനംദിന ജീവിതത്തെ കേന്ദ്രീകരിച്ചായിരുന്നു ഈ യാത്ര,” രാഹുൽ ഗാന്ധി യൂട്യൂബ് വീഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചു.
‘അമേരിക്കയിലെ സഹോദരങ്ങൾ ന്യായമായ വേതനം നേടുന്നുവെന്നും ‘ഡ്രൈവറുടെ ക്ഷേമത്തിന്’ മുൻഗണന നൽകുന്ന സംവിധാനത്തിൽ പ്രവർത്തിക്കുന്നുവെന്നും അറിഞ്ഞതിൽ സന്തോഷമുണ്ട്. ഇന്ത്യയിലെ കഠിനാധ്വാനികളായ ട്രക്ക് ഡ്രൈവർമാർക്കും അന്തസ്സോടെ ജീവിക്കാൻ അർഹതയുണ്ട് ‘ രാഹുൽ കൂട്ടിച്ചേർത്തു.
സിദ്ധുമൂസെവാലയുടെ പാട്ട് കേട്ടുകൊണ്ടാണ് ഇരുവരും ട്രക്കിൽ യാത്ര ചെയ്യുന്നത്. ഇന്ത്യയിലെ ട്രക്കുകൾക്ക് ഡ്രൈവർമാർക്ക് ഒരു സൗകര്യവും ഒരുക്കുന്നില്ലെന്നും ഇന്ത്യയുമായി താരതമ്യപ്പെടുത്തുമ്പോൾ, യുഎസ് റോഡുകളിലെ സുരക്ഷ വളരെ മികച്ചതാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. തുടർന്ന് യുഎസിൽ ട്രക്ക് ഡ്രൈവർമാർക്ക് ലഭിക്കുന്ന സൗകര്യങ്ങളെപ്പറ്റിയും ശമ്പളത്തെക്കുറിച്ചും ട്രക്ക് ഡ്രൈവറായ തൽജീന്ദർ സിംഗ് പറയുന്നുണ്ട്.
Discussion about this post