കൊച്ചി : പിണങ്ങിപ്പോയ കാമുകനെ തിരിച്ചുകൊണ്ടുവരാൻ പതിനേഴുകാരി മെനഞ്ഞ തട്ടിക്കൊണ്ട് പോകൽ നാടകം അന്വേഷിച്ച് വലഞ്ഞ് പോലീസ്. രണ്ട് മാസത്തോളം കാലമാണ് പോലീസുകാർ ഇതിന് പിന്നാലെ ഓടിയത്. തിരക്കഥയും അഭിനയവുമൊക്കെ വൃത്തിയായി ചെയ്തത് മുനമ്പം സ്വദേശിയായ പെൺകുട്ടിയാണ്.
ഏപ്രിൽ 25 നാണ് ഇതുമായി ബന്ധപ്പെട്ട പരാതി പോലീസിന് ലഭിക്കുന്നത്. തന്റെ മകളെ നാലംഗ സംഘം തട്ടിക്കൊണ്ട് പോയി ആക്രമിച്ചുവെന്നായിരുന്നു പരാതി. തലേന്ന് വൈകീട്ട് അഞ്ചര മണിക്ക് നാലംഗ സംഘം വീട്ടിലെത്തി പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി. തുടർന്ന് വായ മൂടിക്കെട്ടി നിർമ്മാണം നടക്കുന്ന കെട്ടിടത്തിലെത്തിച്ച് ആക്രമിച്ചെന്നും കരണത്തടിച്ചെന്നുമായിരുന്നു പരാതി. ഒരു വിധത്തിലാണ് അവിടെ നിന്ന് രക്ഷപ്പെട്ടത് എന്നും പെൺകുട്ടി പറഞ്ഞു. ഇതോടെ സംഭവം ഗൗരവത്തിലെടുത്ത പോലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല.
വീണ്ടും ചോദ്യം ചെയ്തപ്പോൾ ഇൻസ്റ്റഗ്രാമിലൂടെ പരചയപ്പെട്ട സുഹൃത്താണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പെൺകുട്ടി പറഞ്ഞു. ഇയാൾ തന്നെ ബലമായി പിടിച്ചുകൊണ്ട് പോയി ഇഷ്ടമാണെന്ന് പറയിപ്പിച്ച് ഇത് ഫോണിൽ പകർത്തിയെന്നും പെൺകുട്ടി പോലീസിനോട് പറഞ്ഞു. അത് തന്റെ കാമുകന് അയപ്പിച്ചുവെന്നും പെൺകുട്ടി മൊഴി നൽകി. അതോടെ അന്വേഷണം ആ സുഹൃത്തിന് വേണ്ടിയായി.
പിന്നീട് ഇൻസ്റ്റഗ്രാം സുഹൃത്ത് മുഖംമൂടി ധരിച്ച് വീട്ടിലെത്തിയെന്നും കത്തികൊണ്ട് ആക്രമിച്ചെന്നും പെൺകുട്ടി പറഞ്ഞു. ഒച്ചയെടുത്തതോടെ ഇയാൾ മതിൽ ചാടി രക്ഷപ്പെട്ടുവെന്നായിരുന്നു മൊഴി. പിന്നാലെ പെൺകുട്ടി ആശുപത്രിയിൽ അഡ്മിറ്റ് ആയി.
ഇതോടെ ഉയർന്ന പോലീസ് ഉദ്യോഗസ്ഥരടക്കം പെൺകുട്ടിയുടെ വീട്ടിലെത്തി പരിശോധന നടത്തി. മതിൽ ഒരാൾക്ക് ചാടിക്കടക്കാൻ കഴിയുന്ന തരത്തിലുള്ളതല്ലെന്ന് വ്യക്തമായതോടെ പോലീസിന് സംശയമായി. സുഹൃത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് ഇത് പെൺകുട്ടി തന്നെ ഉണ്ടാക്കിയതാണെന്ന് മനസിലായത്. തുടർന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ എല്ലാം വ്യാജമായിരുന്നുവെന്ന് പെൺകുട്ടി തുറന്ന് സമ്മതിച്ചു.
ആക്രമണം നടന്നുവെന്ന് പറഞ്ഞ് സഹതാപം സൃഷ്ടിച്ച് അതുവഴി കാമുകൻറെ മനസിൽ വീണ്ടും കയറിപ്പറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇതെന്ന് പെൺകുട്ടി തന്നെ പറഞ്ഞു. കാമുകനെ തിരിച്ച് കൊണ്ടുവരാൻ ഇതല്ല, ഇതിനപ്പുറം ചെയ്യുമെന്നാണ് പെൺകുട്ടി പറയുന്നത്.












