ലക്‌നൗ: ട്വിറ്റർ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ 25 മില്യൻ ക്ലബ്ബിൽ ഇടംപിടിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യ മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥ്.
യോഗി മുഖ്യമന്ത്രിയായ ശേഷം യുപി സർക്കാരുമായി ബന്ധപ്പെട്ട നയങ്ങളും തീരുമാനങ്ങളും ഭരണപരിഷ്‌കാരങ്ങളുമൊക്കെ കൃത്യമായി ട്വിറ്ററിലൂടെ അദ്ദേഹം ജനങ്ങളിലെത്തിച്ചിരുന്നു. യുപിയുമായി ബന്ധപ്പെട്ട ഓരോ തീരുമാനവും വലിയ പിന്തുണയും ജനപ്രീതിയുമാണ് അദ്ദേഹത്തിന് ട്വിറ്ററിൽ നേടിക്കൊടുത്തത്.
2015 സെപ്തംബറിലാണ് യോഗി ട്വിറ്റർ അക്കൗണ്ട് ആരംഭിച്ചത്. 2017 ലാണ് യുപി മുഖ്യമന്ത്രിയാകുന്നത്. ഫോളോവേഴ്‌സിന്റെ എണ്ണം 25 മില്യൻ പിന്നിട്ടതോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും അടങ്ങുന്ന 25 മില്യൻ ക്ലബ്ബിലേക്കാണ് യോഗിയും ഇടംപിടിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയെന്ന നിലയിൽ യോഗിയുടെ ജനപ്രീതി കൂടിയാണ് ഇതിലൂടെ തെളിയുന്നത്.
സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളും രാഷ്ട്രീയ നിലപാടുകളും ജനങ്ങളെ ബോധ്യപ്പെടുത്താൻ സമൂഹമാദ്ധ്യമങ്ങളെ ഏറ്റവും ഫലപ്രദമായി പ്രയോജനപ്പെടുത്തുന്ന മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥ്. 89.2 മില്യൻ ഫോളോവേഴ്‌സുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ട്വിറ്ററിൽ ഏറ്റവും കൂടുതൽ ആരാധകരുളള ഇന്ത്യയിലെ രാഷ്ട്രീയ നേതാവ്.
യുഎസ് പ്രസിഡന്റായിരുന്ന ബരാക്ക് ഒബാമയ്ക്ക് ശേഷം ട്വിറ്ററിൽ ഏറ്റവും കൂടുതൽ പേർ ഫോളോ ചെയ്യുന്ന രാഷ്ട്രീയ നേതാവ് കൂടിയാണ് നരേന്ദ്രമോദി. അടുത്തിടെ ഇലോൺ മസ്‌ക് ഉൾപ്പെടെ പ്രധാനമന്ത്രിയെ ഫോളോ ചെയ്തതും വാർത്തകളിൽ ഇടംപിടിച്ചിരുന്നു.
Discussion about this post