ലണ്ടൻ: യുകെയിലെ നോട്ടിംഗ്ഹാമിൽ അജ്ഞാതൻ നടത്തിയ ആക്രമത്തിൽ കൊല്ലപ്പെട്ട മൂന്ന് പേരിൽ ഒരാൾ ഇന്ത്യൻ വംശജയാണെന്ന് സ്ഥിരീകരിച്ചു. ഹോക്കി കളിക്കാരിയായ ഗ്രേസ് ഓമാലികുമാർ ആണ് കൊല്ലപ്പെട്ടത്. 19 കാരിയായ ഗ്രേസിനെയും സുഹൃത്തും ക്രിക്കറ്റ് താരവുമായ ബാർണബി വെബ്ബിനെയും കുത്തിക്കൊന്ന അക്രമി, സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട് 50 കാരനായ ഒരാളെയും കൊല്ലുകയായിരുന്നു. തുടർന്ന് മോഷ്ടിച്ച വാനിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇയാൾ മൂന്ന് പേരെ ഇടിച്ച് തെറിപ്പിക്കുകയും ചെയ്തു.
മണിക്കൂറുകൾക്കുള്ളിൽ തന്നെ അക്രമിയെ പോലീസ് പിടികൂടിയെങ്കിലും ഇയാളുടെ പേര് വിവരങ്ങൾ ഇത് വരെ വെളിപ്പെടുത്തിയിട്ടില്ല. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും ഡിറ്റക്ടീവുകളുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. ആക്രമണങ്ങൾക്ക് തീവ്രവാദ ബന്ധമുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ നോട്ടിംഗ്ഹാം നഗരം കനത്ത സുരക്ഷാ വലയത്തിലാണ്. സംഭവത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് അപലപിച്ചിരുന്നു.








