ചെന്നൈ; അഴിമതിക്കേസിൽ ഇഡി അറസ്റ്റ് ചെയ്ത മന്ത്രി സെന്തിൽ ബാലാജിയെ പിന്തുണച്ച തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ വെട്ടിലാക്കി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈ. എഐഎഡിഎംകെ സർക്കാരിന്റെ കാലത്ത് ഗതാഗതമന്ത്രിയായിരുന്ന സെന്തിൽ ബാലാജി അഴിമതിക്കാരനാണെന്ന് തുറന്ന് പറഞ്ഞ് പ്രസംഗിക്കുന്ന സ്റ്റാലിന്റെ പഴയ വീഡിയോയാണ് ട്വിറ്ററിലൂടെ അണ്ണാമലൈ പുറത്തുവിട്ടത്.
ഗതാഗതമന്ത്രിയായിരിക്കെ സെന്തിൽ ബാലാജി കണ്ടക്ടർ ജോലിക്കായി മൂന്ന് ലക്ഷം രൂപയും മെക്കാനിക് ജോലിക്കായി ആറ് ലക്ഷം രൂപയും വാങ്ങി നിരവധി പേരെ കബളിപ്പിച്ചുവെന്ന് സ്റ്റാലിൻ പറയുന്നു. യഥാർത്ഥ തൊഴിൽ തട്ടിപ്പാണ് നടന്നതെന്നും ഇതുവരെ 48 പേർ പരാതി നൽകിയിട്ടുണ്ടെന്നും സ്റ്റാലിൻ തുറന്നുപറയുന്നുണ്ട്. ഡിഎംകെയുടെ പ്രതിഷേധ വേദിയിൽ സ്റ്റാലിൻ നടത്തിയ പ്രസംഗമാണ് അണ്ണാമലൈ പുറത്തുവിട്ടത്.
ബസുകളിലെ ടിക്കറ്റ് വെൻഡിങ് മെഷീനുകൾ വാങ്ങിയതിൽ അഴിമതിയുണ്ടെന്നും സ്റ്റാലിൻ ആരോപിക്കുന്നുണ്ട്. ഇക്കാര്യം താൻ നിയമസഭയിൽ ഉന്നയിച്ചതാണെന്നും ഇതുവരെ ആരോപണം നിഷേധിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു. അന്നത്തെ ആരോപണങ്ങളിൽ സ്റ്റാലിൻ ഉറച്ചുനിൽക്കുന്നുണ്ടോയെന്നും ഇപ്പോൾ എന്തിനാണ് ഇരവാദം ഉന്നയിക്കുന്നതെന്നും ചോദിച്ചാണ് അണ്ണാമലൈ വീഡിയോ പുറത്തുവിട്ടത്.
പുലർച്ചെ സെന്തിൽ ബാലാജിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ രാഷ്ട്രീയ വൈരാഗ്യമാണെന്ന് പറഞ്ഞ് സ്റ്റാലിൻ രംഗത്തെത്തിയിരുന്നു. 2024 തിരഞ്ഞെടുപ്പിൽ ജനങ്ങൾ ബിജെപിയെ പാഠം പഠിപ്പിക്കുമെന്നും സ്റ്റാലിൻ പറഞ്ഞിരുന്നു. സെന്തിൽ ബാലാജിയെ സ്റ്റാലിൻ ആശുപത്രിയിൽ സന്ദർശിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പഴയ വീഡിയോ അണ്ണാമലൈ പുറത്തുവിട്ടത്.
സെന്തിൽ ബാലാജിയുടെ ശക്തികേന്ദ്രമായ കാരൂരിനെ അഴിമതിയിലൂടെയാണ് സെന്തിൽ ബാലാജിയും സഹോദരനും നിയന്ത്രിക്കുന്നതെന്നും ഭൂമി തട്ടിപ്പും മനുഷ്യക്കടത്തും കൊളളയുമാണ് അവർ നടത്തുന്നതെന്നും എല്ലാവർക്കും അത് അറിയാമെന്നും സ്റ്റാലിൻ വീഡിയോയിൽ പറയുന്നു. ഭൂമി തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് സെന്തിൽ ബാലാജിക്കെതിരെ കോടതികളിൽ കേസുകൾ നിലവിലുണ്ടെന്നും സ്റ്റാലിൻ പറയുന്നുണ്ട്.
ഗോകുൽ എന്ന ഒരു എൻജിനീയറിംഗ് വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയെന്നും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഭൂമി തട്ടിയെടുത്തുവെന്നും ഉദാഹരണമായി സ്റ്റാലിൻ പറയുന്നു. പതിനഞ്ച് തവണ മന്ത്രിസഭയിൽ മാറ്റം വന്നിട്ടും മുതിർന്ന മന്ത്രിമാർ ഉൾപ്പെടെ മാറിയിട്ടും സെന്തിൽ ബാലാജി ജൂനിയർ മന്ത്രിയായിട്ടും മന്ത്രിസഭയിൽ തുടരുകയാണെന്നും സ്റ്റാലിൻ വീഡിയോയിൽ പറയുന്നുണ്ട്.
എഐഎഡിഎംകെ സർക്കാർ പ്രശ്‌നത്തിലായാൽ ജയലളിതയ്ക്ക് മുഖ്യമന്ത്രിപദം ഒഴിയേണ്ടി വന്നാൽ സെന്തിൽ ബാലാജിയുടെ പേരാണ് ഉയർന്നുകേൾക്കുന്നതെന്നും അത്രത്തോളമാണ് അദ്ദേഹത്തിന്റെ സ്വാധീനമെന്നും സ്റ്റാലിൻ പറയുന്നു. വീഡിയോ പുറത്തുവന്നതോടെ സെന്തിലിനെ പിന്തുണച്ച് ഇരവാദം ഉയർത്തിയ സ്റ്റാലിൻ പ്രതിരോധത്തിലായി.
എഐഎഡിഎംകെ നേതാവായിരുന്ന സെന്തിൽ ബാലാജി ജയലളിതയുടെ മരണത്തോടെയാണ് ഡിഎംകെയിൽ എത്തിയത്.
Discussion about this post