ലക്‌നൗ: ഇസ്ലാമിക മതപഠന കേന്ദ്രത്തിൽ പഠിക്കുന്ന വിദ്യാർത്ഥികളെ മറ്റ് ഭാഷകൾ പഠിക്കുന്നതിൽ നിന്ന് വിലക്കി ദാറുൽ ഉലൂം ദയൂബന്ദ്. വിദ്യാർത്ഥികൾ ഇംഗ്ലീഷോ മറ്റേതെങ്കിലും ഭാഷയോ പഠിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സ്ഥാപന അധികൃതർ അറിയിച്ചു. മൗലാന ഹുസൈൻ ഹരിദ്വാരി പുറപ്പെടുവിച്ച പുതിയ ഉത്തരവ് കർശനമായി പാലിക്കണമെന്നും പാലിക്കാത്തവരെ പുറത്താക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു.
നിർദ്ദേശപ്രകാരം, സ്ഥാപനത്തിലെ വിദ്യാർത്ഥികൾ അവരുടെ പഠന കാലാവധി മുഴുവൻ ഇംഗ്ലീഷ് പഠിക്കുന്നത് നിരോധിച്ചിരിക്കുന്നു.’ഈ നിയന്ത്രണം ലംഘിക്കുകയോ രഹസ്യമായി ഭാഷാ പഠനത്തിൽ ഏർപ്പെടുകയോ ചെയ്യുന്ന ഏതൊരു വിദ്യാർത്ഥിയും സ്ഥാപനത്തിൽ നിന്ന് പുറത്താക്കപ്പെടും. കൂടാതെ, ക്ലാസ് മുറികളിൽ നിന്ന് വിട്ടുനിൽക്കുകയോ ക്ലാസുകൾ പൂർത്തിയാകുന്നതിന് മുമ്പ് പുറത്തുപോകുകയോ ചെയ്യുന്ന വിദ്യാർത്ഥികൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഉത്തരവിൽ പറയുന്നു.
ഇതിന് മുൻപും നിരവധി വിചിത്ര നിയമങ്ങൾ വിദ്യാർത്ഥികൾക്കായി പുറപ്പെടുവിച്ച സ്ഥാപനമാണ് ദാറുൽ ഉലൂം ദയൂബന്ദ്. വിദ്യാർത്ഥികളെ താടി വടിക്കുന്നതിൽ നിന്നും സ്ഥാപനം വിലക്കിയിരുന്നു. താടി വടിച്ച നാല് വിദ്യാർത്ഥികളെ സ്ഥാപനം പുറത്താക്കിയിരുന്നു.’റസൂൽ അള്ളാഹു മുഹമ്മദ് താടി വയ്ക്കാറുണ്ടായിരുന്നു, അതിനാൽ താടി വയ്ക്കുന്നത് ഇസ്ലാമിൽ സുന്നത്താണ് (അനുഷ്ഠാനം). ഒരു വ്യക്തി ഒരിക്കൽ താടി വെച്ചിട്ട് പിന്നീട് അത് നീക്കം ചെയ്താൽ ആ വ്യക്തി കുറ്റവാളിയായി കണക്കാക്കപ്പെടും. ഇസ്ലാമിൽ താടിക്ക് മറ്റൊരു പ്രാധാന്യമുണ്ടെന്നായിരുന്നു മുതിർന്ന അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോർഡ് അംഗവും ലഖ്നൗവിലെ ഷഹർ ഖാസിയുമായ മൗലാന ഖാലിദ് റഷീദ് ഫറംഗി മഹാലി പറഞ്ഞത്.
ഉത്തർപ്രദേശ് സർക്കാർ നടത്തിയ പരിശോധനയിൽ ദാറുൽ ഉലും ദയൂബന്ദ് ഉൾപ്പെടെ 307 മദ്രസകൾ നിയമവിരുദ്ധമായി പ്രവർത്തിക്കുന്നതായി കണ്ടെത്തിയിരുന്നു. സർക്കാർ നിശ്ചയിച്ച മാനദണ്ഡത്തിന് വിരുദ്ധമായാണ് സ്ഥാപനം പ്രവർത്തിക്കുന്നത് എന്നായിരുന്നു കണ്ടെത്തൽ.












