ജയ്പൂർ: സംസ്ഥാനത്ത് വിജയിക്കാൻ സാധ്യതയുള്ള സ്ഥാനാർത്ഥികൾക്ക് മാത്രമേ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം കൊടുക്കാവൂ എന്ന നിർദ്ദേശവുമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. തിരഞ്ഞെടുപ്പിന് രണ്ട് മാസം മുൻപ് തന്നെ ഇക്കാര്യങ്ങൾ കൃത്യമായി തീരുമാനിക്കണം. രാഷ്ട്രീയത്തിൽ വിജയിക്കണമെങ്കിൽ ക്ഷമ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാൻ യൂത്ത് കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അശോക് ഗെഹ്‌ലോട്ട്.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കാൻ യൂത്ത് കോൺഗ്രസ് ഭാരവാഹികളോടും നേതാക്കളോടും ഗെഹ്ലോട്ട് ആഹ്വാനം ചെയ്തു. ” നിങ്ങൾക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യം ഉണ്ടെങ്കിൽ അത് മനസിൽ വയ്ക്കണം. കാരണം പാർട്ടിയാണ് തീരുമാനം എടുക്കുന്നത്. ചിലപ്പോൾ സങ്കടപ്പെടുന്ന സാഹചര്യങ്ങൾ ഉണ്ടാകും. പക്ഷേ ക്ഷമ പാലിച്ച് മുന്നോട്ട് പോകുന്ന ആൾക്ക് രാഷ്ട്രീയത്തിൽ വിജയിക്കാനാകും.
തിരഞ്ഞെടുപ്പിന് രണ്ട് മാസം മുൻപെങ്കിലും ആളെ തീരുമാനിക്കണമെന്ന് നേതൃത്വത്തോട് പറഞ്ഞിട്ടുണ്ട്. കാരണം ആ സമയത്ത് ഡൽഹിയിൽ കിടന്ന് ചുറ്റിക്കറങ്ങി നേതാക്കൾ പോലും മടുക്കുകയാണ്. നേരത്തെ ഇക്കാര്യങ്ങളിൽ തീരുമാനമായെങ്കിൽ മാത്രമേ ആ വ്യക്തികൾക്ക് അതാത് മണ്ഡലങ്ങളിൽ പ്രവർത്തിക്കാനാകൂ എന്നും” ഗെഹ്ലോട്ട് പറഞ്ഞു.
Discussion about this post