ന്യൂഡൽഹി: ഒരുമിച്ച് നിൽക്കാൻ കോൺഗ്രസിന് മുന്നിൽ ഉപാധികളുമായി ആംആദ്മി പാർട്ടി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഡൽഹിയിലും പഞ്ചാബിലും മത്സരിക്കുന്നതിൽ നിന്ന് കോൺഗ്രസ് ഒഴിവായാൽ മധ്യപ്രദേശിലും രാജസ്ഥാനിലും ആം ആദ്മിയും മത്സരിക്കില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. കേന്ദ്രസർക്കാരിന്റെ ഓർഡിനൻസിനെതിരെ കോൺഗ്രസിന്റെ പിന്തുണ ലഭിക്കുമെന്ന് ആം ആദ്മി പ്രതീക്ഷിക്കുന്ന സമയത്താണ് മറ്റൊരു സമവായ നീക്കം കൂടി മുന്നോട്ട് വച്ചിരിക്കുന്നത്.
” 2015ലേയും 2020ലേയും നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഡൽഹിയിൽ കോൺഗ്രസിന് ഒരു സീറ്റ് പോലും ലഭിച്ചില്ല. ഡൽഹി പഞ്ചാബ് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് കോൺഗ്രസ് പറഞ്ഞാൽ, രാജസ്ഥാനിലും മധ്യപ്രദേശിലും തിരഞ്ഞെടുപ്പിൽ തങ്ങളും മത്സരിക്കില്ലെന്ന് എഎപി നേതാവ് സൗരഭ് ഭരദ്വാജ് പറഞ്ഞു. സ്വന്തമായി ഒന്നുമില്ലാത്ത കോൺഗ്രസ് മറ്റുള്ളവരുടെ ആശയങ്ങൾ മോഷ്ടിച്ചെടുക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു. ” രാജ്യത്തെ ഏറ്റവും പഴക്കമുള്ള പാർട്ടിയാണ് കോൺഗ്രസ്. പക്ഷേ, ഇന്നത് കോപ്പി ക്യാറ്റ് കോൺഗ്രസ് ആയി മാറിയിരിക്കുന്നു. കാരണം അവർക്ക് സ്വന്തമായി ഒന്നുമില്ല. അതുകൊണ്ടാണ് അവർ ആം ആദ്മിയുടെ പ്രകടനപത്രിക മോഷ്ടിക്കുന്നത്.
അരവിന്ദ് കെജ്രിവാളിൽ നിന്ന് അവർ എല്ലാം തട്ടിയെടുക്കുകയാണ്. അവർക്ക് സ്വന്തം ഇടതുപക്ഷത്തെക്കുറിച്ച് ഒരു ധാരണയുമില്ല. കോൺഗ്രസിന് നേതൃപാടവം മാത്രമല്ല ആശയക്കുറവും ഉണ്ട് എന്നാണിപ്പോൾ മനസിലാകുന്നത്. ജനങ്ങളുടെ ആവശ്യങ്ങൾ അറിയാനുള്ള സംവിധാനമൊന്നും ഇന്ന് കോൺഗ്രസിനില്ല. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഈ രാജ്യത്തെ ഏറ്റവും പഴയ പാർട്ടി ഇന്ന് രാജ്യത്തെ ഏറ്റവും പുതിയ പാർട്ടിയായ എഎപിയുടെ പ്രകടനപത്രിക മോഷ്ടിക്കുന്നത്. ആം ആദ്മി പാർട്ടി വാഗ്ദാനം ചെയ്ത സൗജന്യ വൈദ്യുതിയും സ്ത്രീകൾക്കുള്ള പ്രതിമാസ അലവൻസുകളേയുമെല്ലാം കോൺഗ്രസ് നേരത്തെ പരിഹസിച്ചിരുന്നു. എന്നാൽ ഇപ്പോൾ അവർ തന്നെ ഇത് മറ്റ് സംസ്ഥാനങ്ങളിൽ വാഗ്ദാനം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post