ലണ്ടൻ: ലണ്ടനിൽ മലയാളി യുവാവ് കൂടെ താമസിക്കുന്ന മലയാളിയുടെ കുത്തേറ്റ് മരിച്ചു. കൊച്ചി പനമ്പിള്ളി നഗർ സ്വദേശിയായ അരവിന്ദ് ശശികുമാർ(37) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് 20കാരനായ പ്രതിയെ അറസ്റ്റ് ചെയ്തു. ഇവർ തമ്മിലുണ്ടായ വാക്കുതർക്കം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നുവെന്നാണ് വിവരം.
സൗത്ത് ഈസ്റ്റ് ലണ്ടനിലെ പെക്കാമിൽ ഇന്നലെ പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. പെക്കാമിൽ കോൾമാൻ വേ ജംഗ്ഷന് അടുത്തുള്ള സതാംപ്ടൺ വേയിൽ ഒരു കടമുറിയുടെ മുകളിലുള്ള ചെറിയ ഫ്‌ളാറ്റിലാണ് ഇവർ താമസിച്ചിരുന്നത്. മറ്റ് രണ്ട് മലയാളി സുഹൃത്തുക്കളും ഇവരോടൊപ്പം ഉണ്ടായിരുന്നു.
കുത്തേറ്റ അരവിന്ദ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഇവരോടൊപ്പം ഉണ്ടായിരുന്ന മറ്റ് രണ്ട് യുവാക്കളേയും കൂടി പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അവിവാഹിതനായ അരവിന്ദ് കഴിഞ്ഞ 10 വർഷമായി ബ്രിട്ടനിലാണ് താമസം. സ്റ്റുഡന്റ് വിസയിൽ എത്തിയവരാണ് ഇയാൾക്കൊപ്പം താമസിച്ചിരുന്ന മറ്റ് യുവാക്കൾ.
Discussion about this post