മലപ്പുറം: നിർത്തിയിട്ട ബൈക്കറ്റിന്റെ നമ്പർ പ്ലേറ്റ് മോഷ്ടിക്കപ്പെട്ടതിന് പിന്നാലെ ഉടമയ്ക്ക് ഗതാഗത ലംഘനത്തിൽ പിഴ. മലപ്പുറത്ത് ചെമ്മാട് പുളിക്കൽ കെ.പി.അഷ്‌റഫിനാണ് ആലപ്പുഴയിൽ നിന്ന് പിഴ അടയ്ക്കണമെന്ന് കാണിച്ച് നോട്ടീസ് ലഭിച്ചത്. കഴിഞ്ഞ 12ാം തിയതി സുഹൃത്തുക്കളോടൊപ്പം ചെമ്മാട് എത്തിയ അഷ്‌റഫ് സികെ റോഡ് ജംഗ്ഷനിൽ ബൈക്ക് നിർത്തിയിട്ടിരുന്നു. രാവിലെ തിരിച്ചെത്തി ബൈക്ക് എടുക്കാൻ നോക്കിയപ്പോഴാണ് നമ്പർ പ്ലേറ്റ് മോഷണം പോയതായി അറിയുന്നത്. ബൈക്കിലെ പെട്രോളും കള്ളന്മാർ ഊറ്റി എടുത്തിരുന്നു.
പിന്നാലെ 15ാം തിയതി ആലപ്പുഴയിൽ നിന്ന് അഷ്‌റഫിന്റെ ഫോണിലേക്ക് ട്രാഫിക് പോലീസിന്റെ സന്ദേശമെത്തി. അഷ്‌റഫിന്റെ കെഎൽ 55 വൈ 5003 നമ്പർ ബൈക്ക് 15ന് രാവിലെ 11.21ന് നിയമലംഘനം നടത്തിയതിന് പിഴ അടയ്ക്കണം എന്നായിരുന്നു സന്ദേശം. പരിശോധിച്ചപ്പോൾ മറ്റൊരു ബൈക്കിൽ തന്റെ വണ്ടിയുടെ നമ്പർ പ്ലേറ്റ് പിടിപ്പിച്ചിരിക്കുന്നതായി കണ്ടു. രണ്ട് ആൾക്കാരും ഇതിൽ ഉണ്ടായിരുന്നു. സംഭവത്തിൽ ആലപ്പുഴ ട്രാഫിക് പോലീസ്, തീരുരങ്ങാടി പോലീസ്, മോട്ടോർ വാഹന വകുപ്പ് എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.












