ന്യൂയോർക്ക്; ചെറുധാന്യങ്ങളുടെ പ്രചാരണാർത്ഥം ഗ്രാമി ജേതാവും ഇന്ത്യൻ-അമേരിക്കൻ ഗായികയുമായ ഫാലുവിനോാപ്പം ഗാനം രചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അബണ്ടൻസ് ഇൻ മില്ലറ്റ്‌സ് എന്ന ഗാനം യൂട്യൂബ് ഉൾപ്പെടെ 16 സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളിലായി പുറത്തിറക്കി. മില്ലറ്റിന്റെ ഗുണങ്ങളും ലോകത്തിന്റെ ദാരിദ്ര്യത്തെ ലഘൂകരിക്കാനുള്ള അവയുടെ കഴിവും പ്രോത്സാഹിപ്പിക്കുന്നതാണ് ഗാനം. ഫാലുവിന്റെ ഭർത്താവും ഗായകനുമായ ഗൗരവ് ഷായും രചനയിലും ആലാപനത്തിലും പങ്കാളിയായിട്ടുണ്ട്. പ്രധാനമന്ത്രിയുടെ പ്രസംഗശകലവും ഗാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
‘പ്രധാനമന്ത്രി മോദി എനിക്കും എന്റെ ഭർത്താവ് ഗൗരവ് ഷായ്ക്കുമൊപ്പം ഒരു ഗാനം എഴുതിയിട്ടുണ്ട്,’ ഇംഗ്ലീഷിലും ഹിന്ദിയിലും എഴുതിയിരിക്കുന്ന ഗാനം എല്ലാവരിലേക്കും എത്തുമെന്നും ചെറുധാന്യങ്ങളുടെ ശക്തി ഉയർത്തിക്കാട്ടുമെന്നും ഫാലു പറഞ്ഞു.
കഴിഞ്ഞ വർഷം ഗ്രാമി അവാർഡ് ലഭിച്ച സമയത്ത് ഡൽഹിയിൽ വച്ച് നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ പ്രധാനമന്ത്രിയാണ് ചെറുധാന്യങ്ങളെപ്പറ്റി ഒരു ഗാനമെഴുതാൻ ഫാലുവിനോട് ആവശ്യപ്പെട്ടത്. സംഗീതത്തിന്റെ ശക്തിയെ കുറിച്ചുള്ള ചർച്ചയിലാണ്, ആഗോളതലത്തിൽ പട്ടിണി അവസാനിപ്പിക്കാനുള്ള സന്ദേശം ഉൾക്കൊള്ളുന്ന ഒരു ഗാനം എഴുതണമെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചത്. ‘അങ്ങേയ്ക്കും ഇതിൽ സഹകരിച്ചൂടേയെന്ന’ ഫാലുവിന്റെ അഭ്യർത്ഥനയ്ക്ക് പ്രധാനമന്ത്രി സന്തോഷപൂർവ്വം സമ്മതം മൂളുകയായിരുന്നു.
ഈ വർഷം ചെറുധാന്യങ്ങളുടെ വർഷമായാണ് ഐക്യരാഷ്ട്രസംഘടനയുടെ ഫുഡ് ആൻഡ് അഗ്രികൾചർ ഓർഗനൈസേഷൻ ആചരിക്കുന്നത്. ഇന്ത്യയാണ് ഈ നിർദേശം മുന്നോട്ടുവച്ചത്. സിന്ധുനദീതട നാഗരികതയുടെ കാലത്ത് മില്ലറ്റ് ഉപയോഗിച്ചതിന് നിരവധി തെളിവുകൾ ഗവേഷകർക്ക് ലഭിച്ചിരുന്നു. നിലവിൽ 130 രാജ്യങ്ങളിൽ മില്ലറ്റ് വളരുന്നുണ്ട്.
Discussion about this post