ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ മേധാവി ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ പ്രതിഷേധം നടത്തുന്ന താരങ്ങളെ രൂക്ഷമായി വിമർശിച്ച് മുൻ ഗുസ്തി താരം ബബിത ഫോഗട്ട്. ഡൽഹിയിൽ പ്രതിഷേധം നടത്താൻ അനുമതി നൽകണമെന്ന് അഭ്യർത്ഥിച്ച് താൻ കത്തിൽ ഒപ്പിട്ടുനൽകിയെന്ന താരങ്ങളുടെ വാദവും ബബിത നിഷേധിച്ചു
ജന്തർ മന്ദറിലെ പ്രതിഷേധം രാഷ്്ട്രീയ പ്രേരിതമല്ലെന്ന് സ്ഥാപിക്കാൻ വേണ്ടി ആയിരുന്നു സാക്ഷി മാലിക്കും സത്യവ്രത് കഡിയനും ബിജെപി നേതാവ് കൂടിയായ ബബിത ഫോഗട്ടിന്റെ പേരും വലിച്ചിഴച്ചത്. എന്നാൽ പ്രതിഷേധം നടത്താൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ഒരു കത്തിലും താൻ ഒപ്പിട്ടു നൽകിയിട്ടില്ലെന്ന് ബബിത ഫോഗട്ട് പറഞ്ഞു. എന്റെ കുഞ്ഞു സഹോദരി സാക്ഷിയുടെ വീഡിയോ കണ്ടപ്പോൾ വിഷമം തോന്നിയെന്നും പിന്നീട് ചിരിയാണ് വന്നതെന്നും ബബിത പറഞ്ഞു.
പ്രധാനമന്ത്രിയെ പരാതി ബോധിപ്പിക്കാനും രാജ്യത്തെ ജുഡീഷ്യൽ സംവിധാനത്തിൽ വിശ്വസിക്കാനുമാണ് താൻ ഉപദേശിച്ചത്. പക്ഷെ അവർ അതിന് പകരം കോൺഗ്രസ് നേതാക്കളെ കാണാനാണ് പോയതെന്ന് ബബിത കുറ്റപ്പെടുത്തി. ഒരു വനിതാ താരമെന്ന നിലയിൽ താൻ എല്ലായ്‌പോഴും രാജ്യത്തെ കായിക താരങ്ങൾക്ക് ഒപ്പമാണ്. എന്നാൽ പ്രധാനമന്ത്രിയെ കണ്ട് കാര്യം പറയുന്നതിന് പകരം കോൺഗ്രസ് നേതാക്കളെ കാണാൻ പോയത് അംഗീകരിക്കാനാകില്ല.
പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും ആയിരുന്നു അവർ കാണേണ്ടിയിരുന്നത്. അവരുടെ വിഷയങ്ങൾക്ക് അവിടെ പരിഹാരവും കാണുമായിരുന്നു. എന്നാൽ അതിന് പകരം പ്രിയങ്കയെയും മറ്റ് കോൺഗ്രസ് നേതാക്കളെയുമാണ് അവർ സമീപിച്ചതെന്ന് ബബിത ഫോഗട്ട് കുറ്റപ്പെടുത്തി.
ലഭിച്ച മെഡലുകൾ നദിയിൽ എറിയുമെന്ന് പറഞ്ഞത് രാജ്യത്തെ വിഷമിപ്പിച്ചുവെന്നും ബബിത ഫോഗട്ട് ചൂണ്ടിക്കാട്ടി. ഇവരുടെ പ്രതിഷേധത്തിന്റെ യഥാർത്ഥ ചിത്രമാണ് ജനങ്ങൾക്ക് ഇതിലൂടെ മനസിലായതെന്നും ബബിത ഫോഗട്ട് പറഞ്ഞു.
Discussion about this post