ഭോപ്പാൽ: മദ്ധ്യപ്രദേശിൽ യുവാവിനെ മർദ്ദിക്കുകയും കെട്ടിയിട്ട ശേഷം പട്ടിയെ പോലെ കുരയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്ത സംഭവത്തിൽ പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാർ. പ്രതികൾക്ക് മേൽ ദേശീയ സുരക്ഷാ നിയമം ചുമത്തി കേസ് എടുക്കും. ഇതിന് പുറമേ പ്രതികളുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ച് തകർക്കാനും സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.
മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം നൽകിയത്. നിർദ്ദേശം നൽകിയതിന് പിന്നാലെ അറസ്റ്റിലായ സമീർ ഖാന്റെ വീട് അധികൃതർ പൊളിച്ച് നീക്കിയിട്ടുണ്ട്. സമീർ ഖാന്റെ സുഹൃത്തുക്കളും ഭോപ്പാൽ സ്വദേശികളുമായ ഫൈസാൻ, സാജിദ് എന്നവരാണ് അറസ്റ്റിലായ പ്രധാന പ്രതികൾ.
സംഭവവുമായി ബന്ധപ്പെട്ട് മറ്റ് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവർക്കെതിരെ കർശന വകുപ്പുകൾ ചുമത്തി കേസ് എടുക്കാൻ ആഭ്യന്തര മന്ത്രി നരോത്തം മിശ്രയും നിർദ്ദേശം നൽകിയിട്ടുണ്ട്.
ഭോപ്പാൽ സ്വദേശിയായ വിജയ് രാമചന്ദനിയെ ആയിരുന്നു പ്രതികൾ ചേർന്ന് മർദ്ദിക്കുകയും കെട്ടിയിട്ട ശേഷം പട്ടിയെ പോലെ കുരയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തത്. ഇതിന് പുറമേ മുസ്ലീം മതം സ്വീകരിക്കാൻ നിർബന്ധിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെയാണ് കർശന നടപടി സ്വീകരിക്കാൻ സർക്കാർ നിർദ്ദേശം നൽകിയത്.
Discussion about this post