പാലക്കാട് : എസ്എഫ്‌ഐ നേതാക്കളുടെ വ്യാജ രേഖ വിവാദവുമായി ബന്ധപ്പെട്ട് പാലക്കാട് എസ്പി ഓഫീസിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിന് നേരെ പോലീസിന്റെ നരനായാട്ട്. പോലീസ് നിഷ്‌ക്രിയത്വം കാണിക്കുന്നുവെന്ന് ആരോപിച്ച് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമാധാനപരമായി നടത്തിയ മാർച്ചിന് നേരെ പോലീസ് ആക്രമണം അഴിച്ചുവിടുകയായിരുന്നു. തുടർന്ന് പ്രവർത്തകരെ മർദ്ദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു.
പ്രതിഷേധത്തെ പോലീസ് ബാരിക്കേഡുകൾ വെച്ച് തടയാൻ ശ്രമിക്കുകയായിരുന്നു. ഇത് തള്ളി മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. പിരിഞ്ഞു പോകാതെ നിന്ന പ്രവർത്തകരെ ബലം പ്രയോഗിച്ചാണ് നീക്കിയത്.
അതിനിടെ പിരിഞ്ഞ് പോകാൻ വിസമ്മതിച്ച് യുവമോർച്ച പാലക്കാട് ജില്ലാ അദ്ധ്യക്ഷൻ പ്രശാന്ത് ശിവനെ ഉൾപ്പെടെ പോലീസ് അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു. നിലത്ത് വീണവരെ കൂട്ടത്തോടെ ലാത്തി ഉപയോഗിച്ച് മർദ്ദിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. പോലീസിന്റെ ക്രൂരതയ്‌ക്കെതിരെ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്.












