ലക്‌നൗ: കൊടും കുറ്റവാളികൾക്കെതിരെ കർശന നടപടികൾ തുടർന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മാഫിയ തലവൻ ഹാജി ഇഖ്ബാൽ അനധികൃതമായി സമ്പാദിച്ച സ്വത്തുക്കൾ സർക്കാർ കണ്ടുകെട്ടി. വരും ദിവസങ്ങളിലും ഹാജി ഇഖ്ബാലിനെതിരെ നടപടികൾ തുടരുമെന്നാണ് വിവരം.
500 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ലക്‌നൗ, നോയിഡ, ഷഹരൻപൂർ എന്നീ ജില്ലകളിലെ വിവിധയിടങ്ങളിലായി ഹാജി ഇഖ്ബാൽ അനധികൃതമായി സ്വന്തമാക്കിയ സ്വത്തുക്കൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ഷഹരൺപൂരിൽ നിന്നും 200 കോടി രൂപയുടെ സ്വത്തുക്കൾ പിടിച്ചെടുത്തു. ഗ്രോറ്റർ നോയിഡയിൽ നിന്നും 300 കോടിയുടെയും ലക്‌നൗവിൽ നിന്നും ഏഴ് കോടിയുടെയും സ്വത്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്.
ഉത്തർപ്രദേശ് പോലീസ് രജിസ്റ്റർ ചെയ്ത 36 ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഹാജി ഇഖ്ബാൽ. 60 കാരനായ ഇയാൾക്കെതിരെ സ്ത്രീപീഡനം, വഞ്ചന, സർക്കാർ ഭൂമി കയ്യേറ്റം തുടങ്ങിയ കേസുകളാണ് ഇയാൾക്കെതിരെയുള്ളത്. ഈ കേസുകളിലാണ് ഹാജി ഇഖ്ബാലിനെതിരായ നടപടി.
ഗുണ്ടാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ഹാജി ഇഖ്ബാലിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് ഉത്തർപ്രദേശ് പോലീസ് അറിയിച്ചു. ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകളിൽ നടത്തിയ അന്വേഷണത്തിൽ അനധികൃത ഭൂമി കയ്യേറ്റം ഉൾപ്പെടെ വ്യക്തമായിരുന്നു. ഇതേ തുടർന്നായിരുന്നു നടപടി സ്വീകരിച്ചത്.
Discussion about this post