കിന്റർഗാർട്ടൻ വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് നൽകിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ തായ്വാനിൽ പ്രതിഷേധം ശക്തമാക്കി രക്ഷിതാക്കൾ. കൊച്ചുകുഞ്ഞുങ്ങൾക്ക് മയക്കുമരുന്ന് നൽകുന്നുവെന്ന റിപ്പോർട്ട് വ്യാപക വിമർശനത്തിന് കാരണമായിരുന്നു. ന്യൂ തായ്പേയ് സിറ്റിയിലെ ഒരു കിന്റർഗാർഡനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഇവിടുത്തെ അദ്ധ്യാപകർ കൊച്ചുകുട്ടികളെ മയക്കിക്കിടത്താൻ ഫിനോബാർബിറ്റൽ, ബെൻസോഡിയാസെപൈൻസ് തുടങ്ങിയ രാസപദാർത്ഥങ്ങൾ അടങ്ങിയ സിറപ്പുകൾ നൽകിയതായാണ് കണ്ടെത്തിയിരിക്കുന്നത്.
അപസ്മാര ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി വേണ്ട അനസ്‌തേഷ്യയ്ക്കുമാണ് ഫിനോബാർബിറ്റൽ സാധാരണയായി ഉപയോഗിക്കുന്നത്. മനോരോഗസംബന്ധമായ അസുഖങ്ങൾക്കും ഡിപ്രഷനും നിർദ്ദേശിക്കപ്പെടുന്ന മരുന്നാണ് ബെൻസോഡിയാസെപൈൻസ്. ഇവ അമിതമായി കഴിക്കുന്നത് വഴി ശ്വാസതടസ്സം ഉൾപ്പെടെയുള്ള ഗുരുതരമായ അസുഖങ്ങൾ ബാധിക്കും.
എന്നാൽ ഇങ്ങനെ ചെയ്യുന്നതിന് പിന്നിലെ കാരണം കണ്ടെത്തിയിട്ടില്ല.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാർത്ത പുറത്ത് വന്നതിന് പിന്നാലെയാണ് കാര്യങ്ങളുടെ സത്യാവസ്ഥയും വിശദമായ അന്വേഷണവും ആവശ്യപ്പെട്ട് മാതാപിതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് ഇത്തരമൊരു ആരോപണം സ്ഥാപനത്തിനെതിരെ ആദ്യമായി ഉയർന്ന് വരുന്നത്.
തായ്‌പേയിലെ സിറ്റി ഹോസ്പിറ്റലിൽ കുട്ടികളുടെ ശരീരത്തിൽ മയക്കുമരുന്നിന്റെ അംശം ഉണ്ടോ എന്ന് കണ്ടെത്തുന്നതിനായി സൗജന്യം രക്തപരിശോധനയും ആരംഭിച്ചിട്ടുണ്ട്. എല്ലായ്‌പ്പോഴും ദേഷ്യം, അസ്വസ്ഥത, മലബന്ധം, മണിക്കൂറുകളോളം ഉള്ള ഉറക്കം, മയക്കം തുടങ്ങിയ ലക്ഷണങ്ങളാണ് പല കുട്ടികളും കാണിച്ചതെന്ന് രക്ഷിതാക്കൾ പറയുന്നു.
വിവാദം ഉയർന്നതിന് പിന്നാലെ ഈ കിന്റർഗാർഡൻ അടച്ചുപൂട്ടാൻ ഉത്തരവിട്ടിട്ടുണ്ട്. അന്വേഷത്തിന്റെ ഭാഗമായി കിന്റർഗാർഡന്റെ ഡയറക്ടർക്ക് പിഴ ചുമത്തിയിട്ടുണ്ട്. പ്രിൻസിപ്പൾ, മറ്റ് അദ്ധ്യാപകർ എന്നിവരേയും പോലീസ് ചോദ്യം ചെയ്തു. എന്നാൽ രക്ഷിതാക്കൾ അംഗീകരിച്ച പ്രകാരമുള്ള മരുന്നുകൾ മാത്രമാണ് തങ്ങൾ കുട്ടികൾക്ക് നൽകുന്നതെന്ന് സ്‌കൂൾ ജീവനക്കാരുടെ വാദം.
Discussion about this post