ലക്‌നൗ : ക്രിക്കറ്റ് മത്സരത്തിനിടെ ഔട്ടാക്കിയ 14 കാരനെ സുഹൃത്തും സഹോദരനും ചേർന്ന് കഴുത്ത് ഞെരിച്ച് കൊന്നു. കളിക്കുന്നതിനിടെ തന്നെ ക്ലീൻ ബൗൾഡാക്കിയതിന്റെ ദേഷ്യത്തിലാണ് 17 കാരനും സഹോദരനും ചേർന്ന് വിദ്യാർത്ഥിയെ മൈതാനത്തിലിട്ട് കൊലപ്പെടുത്തിയത്. ഉത്തർപ്രദേശിലെ ഗദംപുരിയിലാണ് സംഭവം.
തിങ്കളാഴ്ച വൈകീട്ടാണ് കൊലപാതകം നടന്നത്. ബാറ്റ് ചെയ്ത 17 കാരനെ 14 കാരൻ ക്ലീൻ ബൗൾഡ് ആക്കിയിരുന്നു. എന്നാൽ പിച്ചിൽ നിന്ന് മടങ്ങാൻ 17 കാരൻ തയ്യാറായില്ല. ഇതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതോടെ 17 കാരൻ സഹോദരനെ വിളിച്ചുവരുത്തി 14 കാരനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തുടർന്ന് കുട്ടിയെ മൈതാനത്തിലിട്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി.
കൊലയ്ക്ക് പിന്നാലെ സഹോദരങ്ങൾ പ്രദേശത്ത് നിന്ന് ഓടിപ്പോയി. തുടർന്ന് സുഹൃത്തുക്കൾ ചേർന്ന് കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രതികളായ രണ്ട് പേരും ഇപ്പോൾ ഒളിവിലാണ്. ഇവർക്കായി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. അതേസമയം പ്രതികളെ അറസ്റ്റ് ചെയ്യുന്നത് വരെ കുട്ടിയുടെ അന്ത്യകർമ്മങ്ങൾ നടത്തില്ലെന്ന് വീട്ടുകാർ നിലപാടെടുക്കുകയായിരുന്നു. പോസ്റ്റ് മോർട്ടം നടത്താനായി മൃതദേഹം വിട്ടുനൽകാനും ഇവർ തയ്യാറായില്ല. തുടർന്ന് ഉദ്യോഗസ്ഥരുമായി നടത്തിയ മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് പോസ്റ്റ്മോർട്ടം നടത്താൻ ബന്ധുക്കൾ സമ്മതിച്ചത്.
Discussion about this post