ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരുടെ നുഴഞ്ഞു കയറ്റ ശ്രമം ശക്തമായി ചെറുത്ത് സുരക്ഷാ സേന. നാല് ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ചു. കുപ്വാരയിൽ ആയിരുന്നു സംഭവം. പ്രദേശത്ത് സുരക്ഷാ സേന പരിശോധന നടത്തുകയാണ്.
മിച്ചാൽ സെക്ടറിലെ കാല വനമേഖലയിൽ ആയിരുന്നു സംഭവം. പാക് അധീന കശ്മീരിൽ നിന്നും അതിർത്തി കടന്ന് കശ്മീരിൽ എത്താനായിരുന്നു ഭീകരരുടെ ശ്രമം. എന്നാൽ ഇത് സുരക്ഷാ സേനയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇതോടെ പോലീസിന്റെയും സൈന്യത്തിന്റെയും സംയുക്ത സംഘം ഭീകരരെ വളഞ്ഞു.
എന്നാൽ ഭീകരർ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഇതോടെ സുരക്ഷാ സേനയും ശക്തമായി തിരിച്ചടിച്ചു. ഇതിലാണ് ഭീകരർ കൊല്ലപ്പെട്ടത്. കൂടുതൽ ഭീകരർ പാക് അധീന കശ്മീരിൽ നിന്നും അതിർത്തി കടന്നിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തിയിൽ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ പാക് അധീന കശ്മീരിൽ ഭീകരർ തക്കം പാർത്തിരിക്കുന്നതായുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.










