ന്യൂയോർക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് ത്രിവർണം അണിഞ്ഞ് ഇന്ത്യൻ എംബസി. പ്രധാനമന്ത്രിയുടെ വരവ് പ്രമാണിച്ച് ചുവപ്പ്, വെള്ള, പച്ച എന്നീ നിറങ്ങളിലുള്ള ലൈറ്റുകൾ കൊണ്ടാണ് ന്യൂയോർക്കിലെ ഇന്ത്യൻ എംബസി അധികൃതർ അലങ്കരിച്ചത്. ഇതിന്റെ ചിത്രങ്ങൾ എംബസി ഔദ്യോഗിക സമൂഹ മാദ്ധ്യമ അക്കൗണ്ടുകൾ വഴി പങ്കുവച്ചിട്ടുണ്ട്.
ഇന്നലെ രാത്രിയാണ് എംബസി മൂന്ന് നിറങ്ങളിലുള്ള ലൈറ്റുകൾ കൊണ്ട് അലങ്കരിച്ചത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ശക്തമായ സൗഹൃദം വ്യക്തമാക്കുന്നതിന് വേണ്ടിയാണ് ലൈറ്റുകൾ കൊണ്ട് എംബസി അലങ്കരിച്ചതെന്ന് കോൺസുൽ ജനറൽ വ്യക്തമാക്കി.
ഇന്ത്യയും അമേരിക്കയും തമ്മിൽ ദീർഘനാളായി തുടരുന്ന ദൃഢബന്ധമാണ് ഉള്ളതെന്ന് ചിത്രങ്ങൾക്കൊപ്പം എംബസി ട്വീറ്റ് ചെയ്തു. ഈ ബന്ധം വ്യക്തമാക്കുന്നതിന് വേണ്ടിയാണ് ന്യൂയോർക്കിലെ ഇന്ത്യയുടെ കെട്ടിടം ത്രിവർണങ്ങളാൽ അലങ്കരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് അമേരിക്കയിലേക്ക് സ്വാഗതം എന്നും എംബസി ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് നയാഗ്ര വെള്ളച്ചാട്ടവും ത്രിവർണങ്ങൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും എംബസി പങ്കുവെച്ചിട്ടുണ്ട്. അതേസമയം ഈ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Discussion about this post