ന്യൂഡൽഹി: വിമാനം റാഞ്ചുമെന്ന തരത്തിൽ മൊബൈൽ ഫോണിൽ സംസാരിച്ച യാത്രികൻ അറസ്റ്റിൽ. ക്യാബിൻ ക്രൂ അംഗം അറിയിച്ചതിനെ തുടർന്നാണ് യാത്രികനായ യുവാവിനെതിരെ പോലീസ് നടപടി സ്വീകരിച്ചത്. മുംബൈയിൽ നിന്നും ഡൽഹിയിലേക്കുള്ള വിസ്താര വിമാനത്തിലായിരുന്നു സംഭവം.
ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. വിമാനത്തിൽ കയറിയ ശേഷം ഇയാൾ ഫോണിൽ വിമാനം റാഞ്ചുമെന്ന തരത്തിൽ സംസാരിക്കുകയായിരുന്നു. ഇത് ക്യാബിൻ ക്രൂ അംഗത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. ഇതോടെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
ഉടനെ പോലീസ് എത്തി ഇയാളെ കസ്റ്റഡിയിൽ എടുത്തു. ഇയാളുടെ പേര് വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. മാനസിക വെല്ലുവിളി നേരിടുന്ന ആളാണ് പിടിയിലായത് എന്നും സൂചനയുണ്ട്. സംഭവത്തിൽ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കഴിഞ്ഞ മാസം വിസ്താര വിമാനത്തിൽ ബോംബിനെക്കുറിച്ച് സംസാരിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡൽഹി വിമാനത്താവളത്തിലായിരുന്നു സംഭവം. സുഹൃത്തിനോട് ബോംബിനെക്കുറിച്ച് സംസാരിക്കുന്നത് സഹയാത്രിക കേട്ടിരുന്നു. ഇവർ നൽകിയ പരാതിയിൽ ആയിരുന്നു നടപടി.
Discussion about this post