ഇടുക്കി : മുല്ലപ്പെരിയാറിൽ മഴ ശക്തമാകാൻ സർവമത പ്രാർത്ഥന നടത്തി തമിഴ്‌നാട്ടിലെ കർഷകർ. തേക്കടിയിലെത്തിയാണ് ഇവർ സർവമത പ്രാർത്ഥന നടത്തിയത്. നിലവിൽ 116.15 അടി വെള്ളം മാത്രമാണ് മുല്ലപ്പരിയാർ അണക്കെട്ടിലുള്ളത്. കഴിഞ്ഞ വർഷം ഈ സമയത്ത് 130 അടിക്ക് മുകളിലായിരുന്നു അണക്കെട്ടിലെ ജലനിരപ്പ്.
അണക്കെട്ടിലെ ജലനിരപ്പ് കുറവായതിനാൽ തേനിയിലെ നെൽക്കൃഷിക്ക് വെള്ളം കിട്ടാതാകുമോയെന്നും കർഷകർ ആശങ്കപ്പെടുന്നു. തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പിൻറെ തേക്കടിയിലുള്ള ഐബിയിലും മുറ്റത്തെ ക്ഷേത്രത്തിലുമായി ഹിന്ദു, ക്രിസ്ത്യൻ, മുസ്ലീം ആചാരങ്ങൾ പ്രകാരമുള്ള പ്രാർത്ഥകളാണ് നടന്നത്. വെള്ളം തുറന്നു വിടുന്ന ഷട്ടറിന് സമീപത്തും പ്രാർത്ഥന നടത്തി. തേനിയിലെ കമ്പംവാലിയിലുള്ള സ്ഥലത്ത് കൃഷി ചെയ്യുന്ന 400 ഓളം കർഷകരും ഇതിനായി എത്തിച്ചേർന്നു.
2018 ന് ശേഷം ആദ്യമായാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ് ജൂൺ മാസത്തിൽ ഇത്രയും കുറയുന്നത്. സെക്കൻറിൽ 350 ഘനയടിയോളം വെള്ളം മാത്രമാണ് തമിഴ്‌നാട് ഇപ്പോൾ കൊണ്ടു പോകുന്നത്.
കഴിഞ്ഞ വർഷം ഇതേസമയം സെക്കൻറിൽ 700 ഘനയടി വെള്ളം തമിഴ്‌നാട് എടുത്തിരുന്നു. ജലനിരപ്പ് 112 അടിയിലെത്തിയാൽ കൃഷിക്ക് വെള്ളം നൽകുന്നത് പൊതുമരാമത്ത് വകുപ്പ് നിർത്തും. ഇത് കൃഷി നാശത്തിന് വരെ കാരണമാകുന്ന സാഹചര്യത്തിലാണ് പ്രാർത്ഥന നടത്തിയത്.
Discussion about this post