ഇസ്ലാമാബാദ്: അതിർത്തി കടന്നുള്ള തീവ്രവാദത്തിനെതിരെ ശക്തമായ നിലപാടെടുത്ത ഇന്ത്യയേയും അമേരിക്കയേയും വിമർശിച്ച് പാകിസ്താൻ. തങ്ങളുടെ പ്രദേശം തീവ്രവാദി ആക്രമണത്തിനുള്ള താവളമായി ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ശ്രദ്ധിക്കണമെന്നാണ് ഇരു നേതാക്കളും പാകിസ്താനോട് ആവശ്യപ്പെട്ടത്. ഇന്ത്യ-യുഎസ് സംയുക്ത പ്രസ്താവന അനാവശ്യവും ഏകപക്ഷീയവും തെറ്റിദ്ധരിപ്പിക്കുന്നതും ആണെന്ന് പാകിസ്താൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പാകിസ്താനെ കുറിച്ചുള്ള പ്രസ്താവന നയതന്ത്രപരമായി തെറ്റാണെന്നും വിദേശകാര്യമന്ത്രാലയം പറഞ്ഞു.
അതിർത്തി കടന്നുള്ള ഭീകരവാദത്തേയും ഭീകരരെ സംരക്ഷിക്കുന്നതുമായ പാകിസ്താൻ നിലപാടിനെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും ശക്തമായി വിമർശിച്ചത്. തങ്ങളുടെ നിയന്ത്രണത്തിലുള്ള ഒരു പ്രദേശവും ഭീകരാക്രമണത്തിന് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ പാകിസ്താൻ അടിയന്തര നടപടി സ്വീകരിക്കണമെന്നുമായിരുന്നു സംയുക്ത പ്രസ്താവന. യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തിലും പാകിസ്താനെതിരെ പ്രധാനമന്ത്രി രൂക്ഷവിമർശനം ഉയർത്തിയിരുന്നു . ഭീകരവാദം മനുഷ്യരാശിയുടെ ശത്രുവാണെന്നും, അതിനെതിരെ ശക്തമായി പോരാടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
9/11ന് രണ്ട് ദശകത്തിന് ശേഷവും 26/11ന് ഒരു ദശകത്തിന് ശേഷവും തീവ്രവാദം ഇന്ന് ലോകത്തിന് മുന്നിൽ ഒരു വലിയ അപകടമായി തുടരുകയാണ്. അവരുടെ പ്രത്യയശാസ്ത്രങ്ങൾ പുതിയ രൂപങ്ങളും ഭാവങ്ങളും സ്വീകരിച്ച് കൊണ്ട് ഇപ്പോഴും ഇവിടെ തന്നെ തുടരുന്നു.പല ഭാവങ്ങളും മാറ്റങ്ങളും സ്വീകരിക്കുമ്പോഴും അവരുടെ ലക്ഷ്യവും ഉദ്ദേശവും ഒന്നു തന്നെയാണ്. തീവ്രവാദം മനുഷ്യരാശിയുടെ ശത്രുവാണ്, അതിനെ ശക്തമായി തന്നെ എതിർക്കണം. ഭീകരതയെ സ്‌പോൺസർ ചെയ്യുകയും അവർക്ക് എല്ലാ പിന്തുണയും നൽകുന്നതുമായ എല്ലാ ശക്തികളേയും ഒന്നിച്ച് തന്നെ നമ്മൾ മറികടക്കണമെന്നും” പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post