ആലപ്പുഴ : മുൻ എസ്എഫ്‌ഐ നേതാവ് നിഖില് തോമസിന്റെ വ്യാജ ബിരുദ സർട്ടിഫിക്കേറ്റുമായി ബന്ധപ്പെട്ട കേസിൽ എസ്എഫ്‌ഐ മുൻ ഏരിയാ നേതാവ് അബിൻ സി രാജുവും പ്രതിയാകും. സർട്ടിഫിക്കറ്റിനായി സ്വകാര്യ ഏജൻസിക്ക് നൽകിയ പണം അബിന്റേതായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഈ സാഹചര്യത്തിൽ അബിൻ സി രാജുവിനെ നാട്ടിലെത്തിക്കാൻ നടപടി തുടങ്ങിയെന്നും പോലീസ് അറിയിച്ചു. നിലവിൽ മാലിദ്വീപിൽ ജോലി ചെയ്യുകയാണ് അബിൻ.
വ്യാജ ബിരുദ സർട്ടിഫിക്കേറ്റ് ഉണ്ടാക്കാൻ സഹായിച്ചത് കായംകുളം എസ്എഫ്‌ഐ മുൻ ഏരിയാ നേതാവായ അബിൻ സി രാജുവാണെന്ന് നിഖിൽ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. കൊച്ചിയിലെ വിദേശ മാൻപവർ റിക്രൂട്ട്‌മെന്റ് ഏജൻസിയാണ് സർട്ടിഫിക്കേറ്റ് തയ്യാറാക്കിയത്. ഏജൻസിയെ പരിചയപ്പെടുത്തിക്കൊടുത്തത് അബിൻ ആയിരുന്നു. വ്യാജ ബിരുദ സർട്ടിഫിക്കേറ്റിനായി രണ്ട് ലക്ഷം രൂപയാണ് നിഖിൽ ചെലവഴിച്ചത്.
2020 ൽ നിഖിലിന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് ഇയാളുടെ അക്കൗണ്ടിലേക്ക് 2 ലക്ഷം രൂപ അയച്ചിരുന്നു. അബിൻ ഇപ്പോൾ മാലിദ്വീപിൽ അദ്ധ്യാപകനായി ജോലി ചെയ്യുകയാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
വിവിധ സർവകലാശാലകളിൽ പ്രവേശനം നേടാൻ വിദ്യാർത്ഥികളെ സഹായിക്കുന്ന ഏജൻസി അബിൻ നടത്തിയിരുന്നതായും പലർക്കും വ്യാജ സർട്ടിഫിക്കറ്റുകൾ സംഘടിപ്പിച്ചു നൽകിയതായും പോലീസ് സംശയിക്കുന്നുണ്ട്. ഇയാളെ നാട്ടിലെത്തിച്ചു ചോദ്യം ചെയ്യാനുള്ള ശ്രമങ്ങളും ആരംഭിച്ചിരിക്കുകയാണ്.












